ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാനുള്ള തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനംവകുപ്പ്


പേരാമ്പ്ര: ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ വനംവകുപ്പ്. പഞ്ചായത്ത് തീരുമാനം ഭരണഘടനാവിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ പ്രമോദ് ജി.കൃഷ്ണന്‍ വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കേണ്ട പഞ്ചായത്ത് ഭരണസമിതിയില്‍നിന്ന് ഇത്തരം തെറ്റായതീരുമാനങ്ങള്‍ ഉണ്ടാകുന്നത് തികച്ചും ഖേദകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായപ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി ആലോചിച്ച് തുടര്‍നടപടിയുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനുനല്‍കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായി നിയമിച്ച് അധികാരം നല്‍കിയിട്ടുള്ളത്. എന്നാല്‍ 1972-ലെ വന്യജീവിസംരക്ഷണ നിയമത്തിലെ പട്ടികയില്‍പ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ വന്യമൃഗങ്ങളുള്‍പ്പെടെ എതുമൃഗത്തെയും കൊല്ലാനും അതിന് ഷൂട്ടര്‍മാരെ നിയോഗിക്കാനും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായാണ് വാര്‍ത്തകളില്‍നിന്നും പരാതിയില്‍നിന്നും മനസ്സിലാക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കി.

ടി.എസ്. സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടി. മാര്‍ച്ച് നാലിനാണ് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി വന്യമൃഗങ്ങളെ കൊല്ലാനും അതിനായി 20 ഷൂട്ടര്‍മാരെ നിയോഗിക്കാനും തീരുമാനമെടുത്തത്.

നിയമവിരുദ്ധമാണെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ വ്യക്തമാക്കിയിരുന്നു. വന്യജീവി ആക്രമണം കാരണം കര്‍ഷകരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.