”എന്നെക്കണ്ടപ്പോള്‍ അവന് ഞാന്‍ പണികൊടുത്തെന്ന് പറഞ്ഞു, പിന്നെ ആ കൊടുവാളെടുത്ത് എന്റെ പിന്നാലെ ഓടി”; നമ്പ്രത്തുകരയില്‍ വെട്ടേറ്റ മധ്യവയസ്‌കനൊപ്പമുണ്ടായ സുഹൃത്ത് സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ
കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ മധ്യവയസ്‌കനെ വെട്ടിയതിന് പിന്നാലെ കൂടെയുണ്ടായിരുന്ന തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്ന് സുഹൃത്തിന്റെ മൊഴി. വെട്ടേറ്റ ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനൊപ്പം പണിക്ക് പോയിരുന്ന പെരുവാങ്കുറ്റി സുകുമാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്.
കുന്നോത്ത് മുക്ക് കരുള്യേരി മീത്തല്‍ കരുണന്റെ വീട്ടില്‍ പണിക്കായി പോയ സമയത്താണ് കരുണന്‍ സുരേഷിനെ വെട്ടിയത്. സുരേഷിനൊപ്പം സുകുമാരനും ഇവിടെ പണിക്കുണ്ടായിരുന്നു. ഇടയ്ക്ക് എന്തോ സാധനം എടുക്കാനായി സുകുമാരന്‍ പുറത്തേക്ക് പോയസമയത്തായിരുന്നു സുരേഷ് ആക്രമിക്കപ്പെട്ടതെന്നാണ് സുകുമാരന്‍ പൊലീസിനോട് പറഞ്ഞത്.
”ഞാന്‍ തിരിച്ചെത്തിയപ്പോള്‍ കരുണന്‍ പറഞ്ഞത് അവന് ഞാന്‍ പണികൊടുത്തു എന്നാണ്. പിന്നെ ആ കൊടുവാളെടുത്ത് എന്നെ ആക്രമിക്കാനായി പിന്നാലെ വന്നു. ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സുരേഷിനുനേരെ ആക്രമണമുണ്ടായത്. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതി കരുണനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഡി.വൈ.എസ്.പി ആര്‍ ഹരിപ്രസാദ്, കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Summary: This is how the friend who was with the middle-aged man who was hacked in Namprathukara said about the incident