എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയില്‍


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഇന്ന് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിവ്യ കീഴടങ്ങിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി.

പൊലീസ് കസ്റ്റഡിയില്‍ ദിവ്യയെ ചോദ്യം ചെയ്യും. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത് യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കളക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എ.ഡി.എമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നാണ് സ്റ്റാഫിന്റെ മൊഴി. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.