കൊയിലാണ്ടി ഹാര്‍ബറിന്റെ മുഖച്ഛായ മാറും; പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60% കേന്ദ്ര സഹായത്തോടെ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിലെ രണ്ടാം ഘട്ട വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 20.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഡ്രഡ്ജിങ് പ്രവൃത്തികള്‍ക്കായി 5.88 കോടി രൂപയും ഭരണാനുമതിയായിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി ഹാര്‍ബറിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യനും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.ദാസന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, നഗരസഭാ കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിംകുട്ടി, സി.ഭവിത, കെ.കെ.വൈശാഖ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി.കെ.തട്ടാമ്പുറം നന്ദി രേഖപ്പെടുത്തി.

Summary: Prime Minister Narendra Modi launched the second phase of development activities included in the PMMSY project in Koyilandy harbour