വിജയക്കുതിപ്പ് തുടർന്ന് മഞ്ഞപ്പട; ഒഡീഷ എഫ്.സി യെ കേരള ബ്ലാസ്റ്റേഴ്സ് തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു (വീഡിയോ കാണാം)
വാസ്കോ, ഗോവ: വിജയക്കുതിപ്പ് തുടർന്ന് മഞ്ഞപ്പട.ഒഡീഷ എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയ യാത്രയ്ക്ക് പകിട്ട് കൂട്ടിയത്.
ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
അഞ്ച് ജയവും അഞ്ച് സമനിലയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം ഖാബ്ര സ്വന്തമാക്കി.
തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു.28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച്, ഇടതുപാർശ്വത്തിൽ നിന്ന് ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഒരു കർളിംഗ് ഷോട്ടിലൂടെയാണ് നിഷു കുമാർ വല കുലുക്കിയത്.
12 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു. ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഖബ്രയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിൽ കുറച്ചുകൂടി പോരാട്ടവീര്യം ഒഡീഷ കാണിച്ചെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ ചെറുത്തുനില്പും ഒഡീഷയെ തടഞ്ഞുനിർത്തി.
20 പോയിൻറ്റുമായാണ് ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.