ഓണം ‘വെള്ളത്തിലാ’വാതിരിക്കാൻ കർശന പരിശോധനയുമായി കൊയിലാണ്ടി എക്സൈസ്; ചാരായം വാറ്റാനായി കീഴരിയൂർ മീറോട് മലയിൽ സൂക്ഷിച്ച 685 ലിറ്റർ വാഷ് പിടികൂടി (വീഡിയോ കാണാം)


കൊയിലാണ്ടി: ഓണമെത്തുന്നതിന് മുന്നോടിയായി പരിശോധനകൾ കർശനമാക്കി കൊയിലാണ്ടി എക്സൈസ്. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യ-മയക്കു മരുന്ന് മേഖലകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് കർശനമായ പരിശോധനകൾ നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് നടന്ന പരിശോധനയിൽ കീഴരിയൂർ മീറോട് മലയിൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 685 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് പ്രതിയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കീഴരിയൂർ ഭാഗത്ത് വെച്ച് രണ്ട് വ്യത്യസ്ത കേസുകളിലായി 575 ലിറ്റർ വാഷും കൊഴുക്കല്ലൂർ ഭാഗത്ത് വെച്ച് 10 ലിറ്റർ ചാരായവും പിടികൂടിയിരുന്നു. ചാരായം വാറ്റി കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് എക്സൈസ് പരിശോധന കർശനമാക്കിയത്.

പുകയില ഉൽപ്പന്നങ്ങളുടെയും മറ്റും ദുരുപയോഗം തടയുന്നതിനായി നടത്തിയ പരിശോധനകളിൽ 20 കിലോഗ്രാമിലധികം പുകയില ഉൽപ്പന്നങ്ങൾ കൊയിലാണ്ടി എക്സൈസ് പിടികൂടി കേസെടുത്തിട്ടുണ്ട്. തുടർന്നും വ്യാപകമായ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ ജി.ബിനു ഗോപാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി.ദിപീഷ്, പ്രിവൻ്റീവ് ഓഫീസർമാരായ കെ.എ.ജയരാജൻ, എൻ.രാജു, എൻ.അജയകുമാർ, അബ്ദുൾ ബഷീർ എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാം:


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..