കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍


പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്‌, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ കറുപ്പ് നിറത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി വേണം ചികിത്സ നടത്താന്‍.

കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ വച്ച് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില പൊടിക്കൈകളെക്കുറിച്ച് വിശദമായി അറിയാം. ഓരോരുത്തരുടെയും ആരോഗ്യം, ചര്‍മം, അലര്‍ജി ഇവയെല്ലാം കൃത്യമായി മനസിലാക്കി വേണം താഴെ പറയുന്നവ പരീക്ഷിക്കാന്‍.

1-പോഷകഗുണങ്ങളടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കണ്‍തടത്തിലെ കറുപ്പ് കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

2-വെള്ളരിക്ക(കക്കിരി) കണ്ണിന് താഴെ വെക്കുന്നത് കറുപ്പ് നിറം മാറാന്‍ ഏറെ സഹായിക്കും. ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നും മസാജ്, ഫേഷ്യല്‍ എന്നിവ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്.

3-ദിവസവും ഉറങ്ങുന്നതിന് മുമ്പ് കണ്‍തടത്തില്‍ ആല്‍മണ്ട് ഓയില്‍ തേക്കുന്നത് നല്ലതാണ്. രാവിലെ ഉറങ്ങി എഴുന്നേറ്റാലുടന്‍ ശുദ്ധജലത്തില്‍ ഓയില്‍ കഴുകി കളയുകയും വേണം.

4-വെയിലടിച്ചാല്‍ പലപ്പോഴും നമ്മള്‍ തക്കാളി നീര് പുരട്ടാറുണ്ട്. ഇവ കണ്‍തടത്തിലെ കറുപ്പിനും മികച്ച പരിഹാരമാണ്. തക്കാളി നീരും നാരങ്ങാ നീരും കുറച്ച് മഞ്ഞളും ഒരുമിച്ച് ചേര്‍ത്ത് വേണം പുരട്ടാന്‍. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

5-രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇവ കണ്‍തടത്തില്‍ പുരട്ടുക. ഏതാണ്ട് 20 മിനുട്ടിന് ശേഷം ശുദ്ധജലത്തില്‍ കഴുകി കളയുക.