സംസ്ഥാനത്ത് ഒരു ദിവസം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് 47 സ്ത്രീകള്‍; ഏഴുവര്‍ഷത്തിനിടെ സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമത്തിന് ഇരയായത് കഴിഞ്ഞവര്‍ഷം


തിരുവനന്തപുരം: നിയമവും സംരക്ഷണവും കൂടുതല്‍ കടുപ്പിക്കുമ്പോഴും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകളാണ് വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്.

ഏഴ് വര്‍ഷത്തെ കണക്ക് അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. 17,183 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഉപദ്രവം, ശല്യം ചെയ്യല്‍ തുടങ്ങിയവയ്ക്കെതിരെ നല്‍കിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആകെ റെജിസ്റ്റര്‍ ചെയ്തത് 1,03,354 കേസുകളാണ്. സ്ത്രീകള്‍ക്കൊപ്പം തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ഏറെ വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 11 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ ആയിരക്കണക്കിന് പോക്സോ കേസുകളാണ് രേഖപ്പെടുത്തിയത്. 4,215 പോക്സോ കേസുകളാണ് 2022 നവംബര്‍ വരെ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത്.