രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് വാഹന മോഷണം; കോഴിക്കോട് മോഷ്ടാവും കുട്ടിക്കള്ളനും പിടിയില്‍


കോഴിക്കോട്: രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റില്‍.

കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി ആറാം തീയതി പുലര്‍ച്ചെ ജിഷിത്ത് ലാല്‍, കിഴക്കെ പറമ്പത്ത് ഹൗസ്, കാരപറമ്പ് എന്നയാളുടെ വീടിന്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ചുവന്ന കളര്‍ ജുപീറ്റര്‍ സ്‌കൂട്ടര്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും, സൈബര്‍ സെല്ലിന്റെയും സഹായത്തോടെയുമാണ് പ്രതികളെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കളവ് ചെയ്യപ്പെട്ട സ്‌കൂട്ടര്‍ പ്രതികളില്‍ നിന്നും കണ്ടെത്തി. ഇവര്‍ മുന്‍പും നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസിന് അന്വേഷണത്തില്‍ മനസ്സിലായി. പ്രതികളെ പറ്റി കൂടുതല്‍ അന്വേഷിച്ച് വരികയാണ്.

അറസ്റ്റ് ചെയ്ത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 4 കോടതിയില്‍ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ ആളെ ജ്യുവനൈല്‍ കോടതിയില്‍ ഹാജരാക്കിയതാണ്.