വടകരയില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം; കരയിലുണ്ടായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു


വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കരയില്‍ കയറ്റിവെച്ചിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു.

പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്.

മൂന്നുമണിയോടെയാണ് ശക്തമായ വേലിയേറ്റമുണ്ടായതെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറിമാരിലൊരാളായ യു.നാസര്‍ മുകച്ചേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ സമയത്ത് കടപ്പുറത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ പ്രയാസത്തില്‍ ജീവിക്കുന്നവരാണ് വള്ളങ്ങള്‍ നഷ്ടപ്പെട്ട മൂന്നുപേരും. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് ഇവര്‍ക്ക് നഷ്ടമായത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് വേണ്ട പരിഹാരം കാണണമെന്നും നാസര്‍ പറഞ്ഞു.