ആറ് മാസത്തിനിടെ 31 കേസുകൾ; പിടിയിലാകുന്നത് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾ; പരിശോധന ശക്തമായപ്പോൾ വിൽപ്പന ഓൺലെെനിൽ; കൊയിലാണ്ടിയിലെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം
സൂര്യ കാർത്തിക
കൊയിലാണ്ടി: നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കാണ് വിദ്യാർത്ഥികളും യുവാക്കളും അടിമകളാകുന്നത്. വിൽപ്പനക്കാരായി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ലഭിക്കുന്നതിനാൽ മയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ 31 കേസുകളാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്ന് സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിൽ ആറ് കേസുകൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടതാണ്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ കയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് കിലോ ഗ്രാം കഞ്ചാവാണ് ഇത്തരത്തിൽ പിടികൂടിയത്. വിവിധ സമയങ്ങളിലായി രജിസ്റ്റർ ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. 20 നും 30 നും ഇടയിൽ പ്രായമായ യുവാക്കളാണ് പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് മറ്റു കേസുകൾ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർശനമായ പരിശോധന തുടരുന്നതിനാൽ കഴിഞ്ഞമാസത്തിൽ നാല് കഞ്ചാവ് കേസുകൾ മാത്രമാണ് കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പരിശോധനകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ജോലിയില്ലാത്ത യുവാക്കളാണ്. തമാശക്കായി കമ്പനികൂടിയാണ് മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തുന്നതെന്നും പണം കണ്ടത്താനായുള്ള മാർഗമായി പിന്നീട് വിൽപനയിലേക്ക് കടക്കുകയാണെന്നുമാണ് യുവാക്കൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊയിലാണ്ടി മേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യാനായി പോലിസ്, ജനപ്രതിനിധകൾ, നാട്ടുകാർ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. വാർഡുതല ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. നഗരസഭ, ആരോഗ്യ വിഭാഗം, എക്സെെസ് ഉദ്യോഗസ്ഥർ എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളാണ്. ആക്ഷൻ പ്ലാനിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി തുടരുന്ന ശക്തമായ പരിശോധനകളുടെ ഫലമായി കേസുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകാനായി സ്കൂൾ പിടിഎ നടക്കുമ്പോൾ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ കടകളിലും പരിശോധന നടത്തുന്നുണ്ടെന്ന് സി.ഐ പറഞ്ഞു.
ജൂൺ മാസം അവസാനത്തോടെ കൊയിലാണ്ടി ടൗണില്‍ 15 കാരനെ റെയില്‍വേസ്റ്റേഷന്‍ ഭാഗത്തേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ സംഭവത്തോടെയാണ് നഗരത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോലീസും പൊതുജനങ്ങളും നഗരസഭയും ശക്തമായ നടപടികളുമായി മുന്നോട്ട് വന്നത്. ഇതിന്റെ ഭാഗമായി ആക്ഷൻപ്ലാൻ നടപ്പിലാക്കി. ഇതോടെ കൊയിലാണ്ടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉൾപ്പെടെയുള്ള തുറസ്സായ പരിസരങ്ങളിലെ വിൽപ്പന ഓൺലെെനിലേക്ക് മാറി.
ലഹരിയെന്നാല്‍ സിഗരറ്റ്, മദ്യം, പുകയില. കൂടിപ്പോയാല്‍ കഞ്ചാവ് എന്ന ധാരണയിലായിരുന്നു കൊയിലാണ്ടിക്കാർ. എന്നാല്‍ അതിനെക്കാളൊക്കെ മാരകവും അത്യധികം പ്രഹരശേഷിയുമുള്ള മാരകമായ മറ്റു മയക്കുമരുന്നുകളും കൊയിലാണ്ടിയിൽ സുലഭമായി ലഭ്യമാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരം അടുത്തിടെ കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്തുവിട്ടിരുന്നു. വിൽപ്പനക്കാരുടെയും ഉപയോഗയോക്താക്കളുടെയും ഇൻസ്റ്റഗ്രാം ചാറ്റുകളാണ് പുറത്തുവന്നത്. മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നിന്റെ വിൽപ്പന
ഓൺലെെൻ വഴിയാണ് നടത്തുന്നത്.
സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന കൊടുവള്ളി സ്വദേശിയെ കഞ്ചാവുമായി കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ രണ്ട് കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കൊയിലാണ്ടി സ്വദേശി വിഷ്ണുവിനെ പുൽപ്പള്ളി പോലീസും അറസ്റ്റ് ചെയ്തിരുന്നു.
“ഇവിടെ നല്ല ബ്രൗണ്‍ ഉണ്ട് മച്ചാനേ…”
നഗരത്തിലെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിന് തടയിടാൻ ശക്തമായ ശ്രമങ്ങളുമായി ജനകീയ കമ്മറ്റിയും പോലീസും രംഗത്തിറങ്ങിയതോടെയാണ് ഇത്തരക്കാർ പിടിയിലായത്. കൊയിലാണ്ടി പൊലീസിന്റെയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ ജനകീയ ഇടപെടലിന്റെയും ഫലമായാണിത്. ലഹരി മാഫിയയുടെ ഓൺലെെൻ വഴിയുള്ള വിൽപ്പനയ്ക്കും തടയിടാൻ സാധിച്ചാലാണ് കൊയിലാണ്ടിയെയും നമ്മുടെ പുതുതലമുറയെയും നമുക്ക് ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താനാവുക.
Summary: 31 drug cases reported in six months at Koyilandy police station. young people arrested. People’s resistance against the drug mafia in Koilandy