കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നത് 28 വിദ്യാര്‍ഥികള്‍: നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് രക്ഷിതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആധിയിലാണ് ഉക്രൈനില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍. കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഇരുപത്തിയെട്ട് പേര്‍ തന്റെ അറിവില്‍ ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നുണ്ടെന്ന് ഉക്രൈനിലെ സാപോരിഷിയ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ വടകര സ്വദേശിനിയുടെ അച്ഛന്‍ രാജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
മകളുടെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് രാജേഷ് രണ്ടുതവണ ഉക്രൈനില്‍ പോകുകയും ചെയ്തിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വടകര, കൊയിലാണ്ടി താലൂക്കില്‍ നിന്നും ഉക്രൈനിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമുള്ള സഹായം ചെയ്തുനല്‍കാറുണ്ട്.
ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്ന ഉക്രൈന്റെ തലസ്ഥാന നഗരിയായ കീവില്‍ നിന്നും 500 ഓളം കിലോമീറ്റര്‍ അകലെയാണ് സാപോരിഷിയ. അതുകൊണ്ടുതന്നെ നിലവില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് മനസിലായതെന്ന് രാജേഷ് പറഞ്ഞു.
വിദ്യാര്‍ഥികളുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് ആഹാര സാധനങ്ങളും മറ്റും ലഭിക്കാന്‍ നിലവില്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. സാപോരിഷിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കരുതിവെയ്ക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പല എ.ടി.എമ്മുകളിലും നീണ്ട ക്യൂ ആണെന്നാണ് കുട്ടികള്‍ പറഞ്ഞത്. ചിലയിടത്ത് പണം ഇല്ലാത്ത പ്രശ്‌നങ്ങളുണ്ട്. ഇതൊഴിച്ചാല്‍ ഈ 28 വിദ്യാര്‍ഥികള്‍ക്ക് മറ്റുതരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി.
സ്ഥിതിഗതികള്‍ സങ്കീര്‍ണമായേക്കുമോയെന്ന് ഭയന്ന് ഈ കുട്ടികളെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായുള്ള 48 വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ എം.പിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ വലിയ ആധിയിലാണ്. നിലവില്‍ കോഴ്‌സ് അവസാനിക്കാന്‍ രണ്ടുമാസമാണ് ഇവര്‍ക്ക് ബാക്കിയുള്ളത്. ഇതിനിടയില്‍ നാട്ടില്‍ വരുന്നത് പ്രയാസമുണ്ടാക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നാട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉറപ്പാക്കുമെന്ന് യൂണിവേഴ്‌സിറ്റി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഓഫ്‌ലൈന്‍ ക്ലാസുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കളെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസുകള്‍ പതിവുരീതിയില്‍ നടക്കുന്നുണ്ട്. കുട്ടികളെല്ലാം കോളേജ് ഹോസ്റ്റലില്‍ തന്നെയാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ അധികം തിങ്ങിത്താമസിക്കാത്ത ഒരിടമാണ് ഉക്രൈന്‍. ഒറ്റയ്ക്കുള്ള വീടുകള്‍ നന്നേ കുറവാണ്. ഫ്‌ളാറ്റുകളിലാണ്് ഭൂരിപക്ഷം പേരും താമസിക്കുന്നത്. കീവില്‍ നിന്നും ബസിലും ട്രെയിനിലും സാപോരിഷിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. നഗരങ്ങള്‍ വിട്ടാല്‍ പിന്നെ ആള്‍പ്പാര്‍പ്പുള്ള ഇടങ്ങള്‍ കാണാന്‍ പ്രയാസമാണ്. വിശാലമായ ആളും ബഹളവുമില്ലാത്ത കൃഷിയിടങ്ങളാണ് ഏറെയുമെന്നും അദ്ദേഹം പറഞ്ഞു.