പൊലിഞ്ഞത് 52 ജീവനുകൾ; കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് 23 വയസ്


വള്ളിക്കുന്ന്: കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിമൂന്ന് വര്‍ഷം തികയുന്നു. 2001 ജൂണ്‍ 22 വെള്ളിയാഴ്ചയാണ് 52 പേരുടെ ജീവന്‍ നഷ്ടമായ ട്രെയിൻ അപകടം നടന്നത്. കടലുണ്ടിയില്‍ മദ്രാസ് മെയില്‍ പുഴയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുമൺ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ ട്രെയിൻ അപകടമായിരുന്നു കടലുണ്ടിയിലേത്.

മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിൻ കടലുണ്ടി പുഴയുടെ മുകളിലൂടെ കടന്നുപോകുമ്പോള്‍ പാലം തകരുകയും മൂന്ന് ബോഗികള്‍ പുഴയിലേക്ക് മറിയുകയുമായിരുന്നു. ഇതില്‍ 2 ബോഗികള്‍ പാലത്തില്‍ തൂങ്ങിക്കിടന്നു. വൈകീട്ട് 5. 25 നായിരുന്നു അപകടം നടന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൂഴിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തോണികളിലും ചെറുവള്ളങ്ങളിലുമായി നൂറ് കണക്കിനാളുകളാണ് ട്രെയിനിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ 52 പേർക്ക് ജീവൻ നഷ്ടമാവുകയും 222-ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടം നടന്ന് വർഷം 23 കഴിഞ്ഞിട്ടും ദുരന്തത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ ഇന്നും റെയിൽവേക്ക് സാധിച്ചിട്ടില്ല. പഴക്കമുള്ള പാലത്തിന്റെ ഒരു തൂൺ തകര്‍ന്നാണ് അപകടമുണ്ടായതെന്നും അതല്ല ട്രെയിൻ ബോഗി പാളം തെറ്റിയതാകാം എന്നുമടക്കം നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. തകര്‍ന്ന തൂണിന്റെ മുകള്‍ഭാഗം ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നു. വർഷം 23 കഴിഞ്ഞിട്ടും തൂണുകളുടെ പരിശോധന റെയിൽവേ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച 140തോളം വര്‍ഷം പഴക്കമുള്ള പഴയ പാലത്തിന്റെ ബലക്ഷയമാണ് കാരണമെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. പുതിയ ഒരു പാലം നിര്‍മിക്കപ്പെട്ടു എന്നത് മാത്രമാണ് ഉണ്ടായമാറ്റം.

ദുരന്തം നടന്നതുമുതൽ മരണപ്പെട്ടവരുടെ ഉറ്റവരും നാട്ടുകാരുംചേർന്ന് അന്നേദിവസം താത്‌കാലിക സ്മൃതിമണ്ഡപത്തിൽ വർഷങ്ങളോളം പുഷ്പാർച്ചന നടത്തിയിരുന്നു. കഴിഞ്ഞ കുറേവർഷമായി ഈ ഒത്തുചേരൽ സംഘടിപ്പിക്കാറില്ല. ദുരന്തഓർമകൾക്ക് ഇന്നൊരു സ്മാരകം പോലുമില്ല.

നാടിനെ നടുക്കിയ തീവണ്ടിദുരന്തം വർഷങ്ങൾക്കുമുൻപേ റെയിൽവേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും മനുഷ്യസ്നേഹികൾക്ക് ദുരന്തത്തിന്റെ ഓർമകൾ മാഞ്ഞുപോയിട്ടില്ല.