ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍; അഭിമാനമായി ഉള്ളിയേരി സ്വദേശിനി ഇന്ദുലേഖ


ഉള്ളിയേരി: ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍ ലഫ്റ്റനന്റ് ആയി ഉള്ളിയേരി സ്വദേശിനി. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മൂന്നാം റാങ്കോടെ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയായി നാടിന്റെ അഭിമാനമായിരിക്കുകയാണ് ഉള്ളിയേരി പൊയില്‍താഴം പടിഞ്ഞാറെ നീലികണ്ടിയില്‍ ഇന്ദുലേഖ നായര്‍.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് പരീക്ഷയെഴുതിയത്. രണ്ട് ലക്ഷം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2000 പേരെ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുത്തു. ഇതില്‍ 75 പേര്‍ മാത്രമാണ് യോഗ്യത നേടിയത്.

ബെംഗളൂരു സെലക്ഷന്‍ സെന്ററില്‍ അഞ്ചു ദിവസത്തെ ഇന്റര്‍വ്യൂവിനു ശേഷമാണ് റാങ്ക് ലിസ്റ്റില്‍ വന്നത്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയ്നിങ് അക്കാദമിയില്‍ ഒക്ടോബറില്‍ പതിനൊന്നു മാസത്തെ പരിശീലനം ആരംഭിക്കും. ഇതിന് ശേഷം ഇന്ദുലേഖ കരസേനയില്‍ ലഫ്റ്റനന്റ് ആകും.

ഉത്തരേന്ത്യയില്‍ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ഇന്ദുലേഖ പറഞ്ഞു. പി.ഉണ്ണിയുടെയും ബാലുശേരി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് യു.ഡി ക്ലാര്‍ക്ക് അനിതയുടെയും മകളാണ്. സഹോദരി ചിത്രലേഖ നായര്‍.