ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചത് ബഹുമുഖ പ്രതിഭയായ പെണ്‍കുട്ടി; അകാലത്തില്‍ പൊലിഞ്ഞ നഫാത്തിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്


കോഴിക്കോട്: ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍ വീണ് മരിച്ചത് മിടുക്കിയായ പെണ്‍കുട്ടി. ഫാറുഖ് കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നഫാത്ത് ഫത്താഹ് ആണ് ഇന്നലെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ തട്ടി പുഴയില്‍ വീണ് മരിച്ചത്.

പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു നഫാത്ത് എന്ന് അധ്യാപകര്‍ പറയുന്നു. പ്രസംഗം, പ്രശ്‌നോത്തരി, റോബോട്ടിക്‌സ് എന്നിവയായിരുന്നു നഫാത്തിന്റെ ഇഷ്ടവിഷയങ്ങള്‍. വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ പുസ്തകാസ്വാദന രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നൂതനരീതിയില്‍ നിര്‍മിച്ചതിന് ഇന്‍സ്‌പെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് റിപ്പോര്‍ട്ടറായിരുന്ന നഫാത്ത് കടലുണ്ടിപ്പുഴയും ചാലിയാര്‍പ്പുഴയും അതിരിടുന്ന ചെറുമാട്ടുമ്മല്‍ തോട്ടിലെ മാലിന്യപ്രശ്നം തന്റെ റിപ്പോര്‍ട്ടിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസാതല പത്താം ക്ലാസ് പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടുകൂടിയാണ് നഫാത്ത് വിജയിച്ചത്.

മിടുമിടുക്കിയും നാടിന്റെ അഭിമാനവുമായ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ജന്മനാടായ കരുവന്‍തുരുത്തി.

ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം ചാലിയാറിന് കുറുകെയുള്ള റെയില്‍വേ പാലത്തിലാണ് അപകടം നടന്നത്. സെല്‍ഫിയെടുക്കുന്നതിനിടെ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ തട്ടിയതോടെ നഫാത്ത് പുഴയിലേക്കും ഒപ്പമുണ്ടായിരുന്ന ഇഷാം റെയില്‍പ്പാളത്തിലേക്കും വീണു.

ഒഴുക്കില്‍പ്പെട്ട നഫാത്തിന്റെ മൃതദേഹം ബേപ്പൂരിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കരുവന്തിരുത്തി ചിറായിവീട്ടില്‍ കളത്തിങ്ങല്‍ ഫത്താഹ് ആണ് മരിച്ച നഫാത്തിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: നസിയ ഫത്താഹ്.