നെറ്റും സ്മാര്‍ട്ട്‌ഫോണും വേണ്ട; ഇനി ഫീച്ചര്‍ ഫോണിലൂടെയും പണമയക്കാം, യുപിഐ 123 പേ നിലവില്‍ വന്നു, സംവിധാനം ഇങ്ങനെ
കോഴിക്കോട്: സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ഇത് വരെ യുപിഐ സംവിധാനം വഴി പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്റർനെറ്റ് സൗകര്യം ഇല്ലാതെ തന്നെ യുപിഐ വഴി പണം ഇടപാടുകൾ നടത്താൻ ഉള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്കാണ് പുതിയ സൗകര്യത്തിലൂടെ യുപിഐ സംവിധാനം വഴി പണമിടപാടുകൾ നടത്താൻ കഴിയും.
123പേ എന്ന പേരിലാണ് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള യുപിഐ പണമിടപാട് സംവിധാനം എത്തുന്നത്. സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ നടത്താൻ കഴിയുന്ന നാല് പുതിയ ഓപ്ഷനുകളാണ് ഉപയോക്താക്കൾക്ക് 123 പേയിലൂടെ ലഭിക്കുക.
മൂന്ന് ലളിതമായ സ്റ്റെപ്പുകളിലൂടെ യുപിഐ 123 പേ ഉപയോക്താവിന് ഉപയോഗിക്കാന്‍ സാധിക്കും. ഇന്‍ററാക്ടീവ് വോയിസ് റെസ്പോണ്‍സ് സാങ്കേതിക വിദ്യ വഴിയാണ് ഇതില്‍ ഇടപാടുകള്‍ നടത്തുന്നത്. ഒപ്പം മിസ്ഡ് കോള്‍ ബെസ്ഡ് സംവിധാനവും ഇതിനുണ്ട്.
യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേമെന്‍റ് ഭൂമികയിലേക്ക് പ്രവേശം നല്‍കും. ഇത് സാമ്പത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തും – റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
ഈ സംവിധാനം ഉപയോഗിച്ച് പണം കൈമാറാനും, ബില്ലുകള്‍ അടക്കാനും, ഫസ്റ്റ് ടാഗ് റീചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ എല്ലാം ചെയ്യാം. ഒപ്പം തന്നെ ബാങ്ക് അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാനും, ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യാനും, യുപിഐ പിന്‍ചാര്‍ജ് മാറ്റാനും സാധിക്കും.
ഈ സംവിധാനത്തിന് പിന്തുണയുമായി 24X7 ഹെല്‍പ് ലെയ്നും ആര്‍ബിഐ ആരംഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ നാഷണല്‍ പേമെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഡിജിശക്തി എന്ന പേരില്‍ ഒരു ഹെല്‍പ് ലെയിന്‍ സ്ഥാപിച്ചിട്ടുണ്ട്. 14431, 1800 891 3333 എന്നീ നമ്പറുകളില്‍ ഈ സേവനം ലഭിക്കും.
2016ൽ ആണ് യുപിഐ സംവിധാനം രാജ്യത്ത് ലോഞ്ച് ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ മാത്രം 8.26 കോടി ലക്ഷം കോടി രൂപയുടെ 453 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ഇരട്ടി ഇടപാടുകളാണ് ഈ വർഷം ഫെബ്രുവരിയിൽ മാത്രം നടന്നത്.