കോട്ടയത്ത് റീപെയറിങ്ങിനിടെ മൊബൈൽഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; ഭയന്നോടി ഉപയോക്താക്കൾ, വീഡിയോ കാണാം


കോട്ടയം: നഗരമധ്യത്തില്‍ കോഴിച്ചന്ത റോഡിലെ മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. കോഴിച്ചന്ത റോഡില്‍ എസ്.കെ. മൊബൈല്‍ ഷോപ്പില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30-നായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈലിന്റെ കേടായ ബാറ്ററി മാറാനായി കൊണ്ടുവന്നപ്പോഴാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും ഭാഗ്യംകൊണ്ടു മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.

നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്ഥാപനത്തില്‍ എത്തി ഇവരുടെ കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയ്ക്ക് ചാര്‍ജ് നില്‍ക്കുന്നില്ലെന്ന് പരാതിപ്പെട്ടു. ഈ സമയം രണ്ട് ജീവനക്കാര്‍ കടയിലുണ്ടായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍ ബാറ്ററി ഊരിവെച്ച് ഫോണ്‍ പരിശോധിക്കാന്‍ തുടങ്ങി. ഇതിനിടെ ഫോണിന്റെ ഉടമ ബാറ്ററിയുടെ വീര്‍ത്തുനിന്ന ഭാഗത്ത് അമര്‍ത്തി. ഇതോടെ വന്‍ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം തീയും പുകയും പടര്‍ന്നു. സ്ഥാപനത്തിലെ ജീവനക്കാരന്റെ തലമുടിയിലേയ്ക്കു തീ പടര്‍ന്നു. ഷോപ്പിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടി.

ബാറ്ററി തകരാര്‍ ശ്രദ്ധിക്കാം
ഫോണില്‍ ചാര്‍ജ് നില്‍ക്കാതെ വരികയാണെങ്കില്‍ ബാറ്ററിക്ക് തകരാറുണ്ടെന്ന് ഉറപ്പിക്കാം. ബാറ്ററി ദുര്‍ബലമായാല്‍ മധ്യഭാഗം വീര്‍ത്തുവരും. അത്തരം ബാറ്ററി ചെറിയതോതില്‍ അമര്‍ത്തിയാല്‍പോലും പൊട്ടിത്തെറിക്കാം. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.

ബാറ്ററിയിലെ ആനോഡും കാഥോഡും വേര്‍തിരിക്കുന്ന പോളിമര്‍ പാളി കേടാകുമ്പോള്‍ ‘തെര്‍മല്‍ റണ്‍എവേ’ ഉണ്ടാകുകയും ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഫോണ്‍ പരിധിയില്‍ കൂടുതല്‍ ചൂടായാല്‍ ഉടന്‍തന്നെ സര്‍വീസ് സെന്ററില്‍ കാണിക്കുന്നതാണ് നല്ലത്.

മറ്റ് കാരണങ്ങള്‍
നിര്‍മാണത്തകരാര്‍ അധിക ചാര്‍ജിങ് ഗുണനിലവാരമില്ലാത്ത ചാര്‍ജര്‍ ഫോണ്‍ ശക്തിയായി താഴെ വീണാല്‍