കുറ്റ്യാടി വലതുകര മെയിന്‍ കനാല്‍ തകര്‍ന്ന സംഭവം; ഈ വേനല്‍ക്കാലത്തെ ജലക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ വടകര താലൂക്ക്


കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ വലതുകര മെയിന്‍കനാല്‍ തകര്‍ന്നതോടെ വടകര താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ വരള്‍ച്ചയിലേക്ക്. താലൂക്കിലെ മലയോര മേഖലയില്‍ വരുന്ന മൂന്നോ നാലോ പഞ്ചായത്തുകളില്‍ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും വടകര നഗരസഭയിലും കനാല്‍ ജലം എത്തുന്നുണ്ട്. വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് വലിയൊരു പരിധിവരെ പരിഹാരം കാണാന്‍ കനാല്‍ജലത്തിന് കഴിഞ്ഞിരുന്നു.

എന്നാല്‍ കനാല്‍ പൊട്ടിയതോടെ ഈ വേനല്‍ക്കാലം ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ കനാല്‍. മെയിന്‍കനാലിന് ആറ് കിലോമീറ്റര്‍ പിന്നിടുന്ന മരുതോങ്കര പഞ്ചായത്തിലെ മരുതോങ്കര കെ.സി മുക്കിലാണ് കനാല്‍ തകര്‍ന്നത്. പത്തുമീറ്ററോളം നീളത്തില്‍ സൈഡ് ബിത്തി ഒലിച്ചുപോയ നിലയിലാണ്.

ഈ ജലത്തെ ആശ്രയിച്ചാണ് 6000 ഹെക്ടറോളം കൃഷിഭൂമിയില്‍ കൃഷി ചെയ്തിരുന്നത്. വ്യാപകമായ പച്ചക്കൃഷി കൃഷിയും ഈ ജലത്തെ ആശ്രയിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ വെള്ളം മുട്ടിയതോടെ ഇതൊക്കെ എന്താവുമെന്ന ആധിയിലാണ് പ്രദേശത്തെ കര്‍ഷകര്‍.

കുടിവെള്ളത്തിനും ഈ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ പലപ്രദേശങ്ങളിലും കിണര്‍വെള്ളം വറ്റാതെ കാത്തുനിര്‍ത്തുന്നത് അരിച്ചെത്തുന്ന കനാല്‍ജലമാണ്.

കനാല്‍ജലം ബ്രാഞ്ച് കനാലുകളിലും കൈക്കനാലുകളിലും ഫീല്‍ഡ് ബൂത്തുകളിലും എത്തുംമുമ്പെ മെയിന്‍ കനാല്‍ തകര്‍ന്നത് വലിയൊരു പ്രദേശത്തെ ഇത് ബാധിക്കാന്‍ കാരണമാകും.

പൊട്ടിയ സ്ഥലത്തിനടുത്ത് കനാല്‍ തടഞ്ഞ് തുടക്കഭാഗത്തുള്ള പഞ്ചായത്തുകളില്‍ വെള്ളം നല്‍കാന്‍ കഴിയുമോയെന്ന ആലോചനയും നടക്കുന്നുണ്ട്. തകര്‍ന്ന ഭിത്തി പുനസ്ഥാപിക്കുന്നതിനു പകരം ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന വലിയ പൈപ്പുകളിട്ട് ജലവിതരണം പുനരാരംഭിക്കണമെന്ന ഇ.കെ വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടെങ്കിലും ജലസേചന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അതിനോട് പ്രതികരിച്ചിട്ടില്ല. മെയിന്‍ കനാലിന് രണ്ടരമീറ്റര്‍ വീതിയും അഴവുമുണ്ട്. ഇത്രയും അധികം വെള്ളം പൈപ്പില്‍ ഒതുക്കാനുമോയെന്ന ആശങ്കയും നിലവിലുണ്ട്.