വെള്ളക്കെട്ടില്‍ കണ്ടത് ജീവന് വേണ്ടി പിടയുന്ന കുഞ്ഞു കൈകള്‍, മറിച്ചാലോചിക്കാതെ എടുത്തുചാടി; കുറ്റ്യാടിയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് രക്ഷകനായി പന്ത്രണ്ടുകാരന്‍


കുറ്റ്യാടി: തളീക്കരയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാര്‍ഥി രക്ഷകനായി. കൂട്ടൂര്‍ മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയില്‍ വീണ സമീപ വാസിയായ നാലു വയസ്സുകാരനെ ജീവന്‍ പണയംവെച്ചാണ് നിഹാദ് രക്ഷിച്ചത്.

ഉച്ചസമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ വരാന്‍ കാത്തുനില്‍ക്കാതെ നിഹാദ് എടുത്തുചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

കല്ലരച്ചിക്കുണ്ട് എന്ന വെള്ളച്ചാട്ടം കൂടിയുള്ള തോട്ടില്‍ വേനല്‍ക്കാലത്ത് പരിസര പ്രദേശങ്ങളില്‍നിന്നുപോലും ആളുകള്‍ കുളിക്കാനെത്തും. നിഹാദിന്റെ സമയോഡിതമായ ഇടപെടലിലാണ് കുട്ടിയെ രക്ഷിക്കാനായത്. മാണിക്കോത്ത് റഹീമിന്റെ മകനും കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ് നിഹാദ്.