അരിക്കുളം, തൂണേരി തുടങ്ങി ജില്ലയിലെ 10 സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്; ലക്ഷ്യം 150 ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍
കൊയിലാണ്ടി: അരിക്കുളം, ചെറുവണ്ണൂർ തുടങ്ങി ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്. ഹോമിയോപ്പതി വകുപ്പിലെയും ആയുർവേദ വകുപ്പിലെയും സ്ഥാപനങ്ങൾ ജില്ലയിൽ ആദ്യമായാണ് വിജയകരമായി എൻഎബിഎച്ച് അക്രഡിറ്റേഷൻ പൂർത്തിയാക്കുന്നത്.
നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് സംസ്ഥാനത്തെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് ഈ അംഗീകാരം.
ആദ്യഘട്ടത്തിൽ ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, കോക്കല്ലൂർ, കട്ടിപ്പാറ എന്നിവിടങ്ങളിലെ ഹോമിയോപ്പതി കേന്ദ്രങ്ങളും വെള്ളന്നൂർ, കട്ടിപ്പാറ, ഫറോക്ക്, അരിക്കുളം, കുരുവട്ടൂർ എന്നീ ആയുർവേദ കേന്ദ്രങ്ങൾക്കുമാണ് അക്രഡിറ്റേഷൻ ലഭിച്ചത്.
രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ 2023 ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ആറ് സ്ഥാപനങ്ങൾ ആയുർവേദ വകുപ്പിലും അഞ്ച് സ്ഥാപനങ്ങൾ ഹോമിയോപ്പതി വകുപ്പിലും മാർച്ച് മാസത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാഷണൽ ആയുഷ് മിഷന്റെ തീരുമാനം.
എല്ലാ ജില്ലകളിലും ജില്ലാ പ്രോഗ്രാം മാനേജറുടെ നേതൃത്വത്തിൽ വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപികരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചാണ് എൻ.എ.ബി.എച്ച്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.