കൊയിലാണ്ടിയിലെ കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി 1.02 കോടി അനുവദിച്ചതായി എംഎല്‍എ കാനത്തില്‍ ജമീല, ഇരിങ്ങള്‍ ബ്രാഞ്ച് കനാലിലെ ജല വിതരണം നടക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ 1.02 കോടി രൂപ അനുവദിച്ചതായി എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു. കൂടാതെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ ജലവിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, മൂടാടി, തിക്കോടി എന്നീ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു.

ഈ വര്‍ഷത്തെ ജലവിതരണം ആദ്യഘട്ടത്തില്‍ തിരുവങ്ങൂര്‍ ബ്രാഞ്ച് കനാലിലും തുടര്‍ന്ന് നടേരി ഡിസ്ട്രിബ്യൂട്ടറിയിലും ജലവിതരണം നടത്തിയത്. അതുവഴി ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നീരൊഴുക്കിനുണ്ടായ തടസങ്ങളെ അതിജീവിച്ചാണ് ജലവിതരണം നടത്തിവരുന്നതെന്നും ജലവിതരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരവിന്ദന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം കനാന്‍ പ്രദേശം സന്ദര്‍ശിച്ചതായും കാനത്തില്‍ ജമീല പറഞ്ഞു.