സംസ്ഥാന സകൂള്‍ കായികമേള: ഡിസ്‌കസ്‌ത്രോയില്‍ വെങ്കല നേട്ടവുമായി പുതുപ്പണം ജെഎന്‍എമ്മിലെ ജോര്‍ജ്ജ് ജോ ഫിലിപ്പ്


വടകര: കടുത്ത മത്സരത്തിലൂടെ ജില്ലയ്ക്കായി വെങ്കല മെഡല്‍ നേടി ജെഎന്‍എം ജിഎച്ച്എസ്എസിലെ ജോര്‍ജ്ജ് ജോ ഫിലിപ്പ്. അണ്ടര്‍ 19 സീനിയര്‍ ബോയ്‌സ് വിഭാഗത്തിലാണ് ജോര്‍ജ്ജിന്റെ നേട്ടം. 14 ജില്ലകളില്‍ നിന്നായി 42 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 39.33 പോയിന്റ് നേടിയാണ് ജോര്‍ജ്ജ് വെങ്കല നേട്ടം സ്വന്തമാക്കിയത്. പാലക്കാട് ജില്ലയ്ക്കാണ് മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍.

പ്ലസ്ടൂ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ജോര്‍ജ്ജിന് ജില്ലാ കായിക മേളയില്‍ ഹാമര്‍ ത്രോയിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ജൂനിയര്‍ മീറ്റില്‍ രണ്ടാം സ്ഥാനവും ആഗസ്റ്റില്‍ നടന്ന ഇന്റര്‍ ക്ലബില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍ ക്ലബ് ദേശീയ തലത്തില്‍ ഏഴാം സ്ഥാനവും ജോര്‍ജ്ജിന് ലഭിച്ചു.

മത്സരത്തില്‍ തന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും ഇദ്ദേഹത്തിനുണ്ട്. മത്സരം ഉച്ച സമയത്തായതാണ് വെല്ലുവിളി സൃഷ്ടിച്ചതെന്നും താന്‍ രാവിലെയും വൈകുന്നേരവുമാണ് കൂടുതലായി പ്രാക്റ്റീസ് നടത്തിയിരുന്നതെന്നും ജോര്‍ജ്ജ് പറഞ്ഞു. സ്‌കൂള്‍ സമയമായതിനാല്‍ ഉച്ചയ്ക്കുള്ള പരിശീലനം തനിക്ക് കുറവായിരുന്നെന്നും ജോര്‍ജ് അറിയിച്ചു.

ഭാവിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാന്‍ ആഗ്രഹിക്കുന്ന ജോര്‍ജ്ജ് അധ്യാപകരായ ടി.പി ജോസഫിന്റെയും സോന അബ്രഹാമിന്റെയും മകനാണ്. കീഴാല്‍മുക്ക് സ്വദേശിയാണ്.