‘രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ട’; കൊച്ചിയില്‍ വലയിലായത് 12,000 കോടിയുടെ രാസലഹരി
കൊച്ചി: കൊച്ചിയില്‍ വൻ ലഹരി വേട്ട. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ മയക്ക് മരുന്ന് പിടികൂടിയത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കേസില്‍ പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്.
പാകിസ്ഥാനിൽ നിന്നെത്തിച്ച് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കടത്താന്‍ ശ്രമിച്ച 12,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. 134 പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി കപ്പലിൽ സൂക്ഷിച്ച ക്രിസ്റ്റൽ മെത്ത് എന്ന് അറിയപ്പെടുന്ന 2500 കിലോ ഹൈ പ്യൂരിറ്റി മെത്താംഫെറ്റാമൈനാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പാക്കറ്റുകളിൽ ചിലതിൽ പാകിസ്താൻ നിർമിത മുദ്രകളുണ്ടെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിംഗ് പറഞ്ഞെങ്കിലും പിടിയിലായ പാകിസ്ഥാൻ സ്വദേശിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബോട്ട് മാർഗം ലഹരി മരുന്ന് എത്തിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ട കൂടിയാണിതെന്നാണ് ലഭിക്കുന്ന വിവരം.