മലപ്പുറത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച്‌ മരിച്ചു; മനം നൊന്ത് ജീവനൊടുക്കി ലോറി ഡ്രൈവറായ യുവാവ്


മലപ്പുറം: ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിൽ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മുതിയേരി സ്വദേശി ബിജുവാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇരുപത്തെട്ടു വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം നടന്നത്.

നാലുമാസം മുമ്പാണ് ബിജു ഓടിച്ചിരുന്ന ഫർണിച്ചർ ലോറി കാല്നടയാത്രക്കാരനെ ഇടിച്ചത്. അപകടത്തിന് ശേഷം ബിജു വളരെയധികം മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. റോഡു മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെയാണ് ബിജു ഓടിച്ച ലോറി ഇടിച്ച്ത്.

അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതര പരുക്കുകളുണ്ടാകുകയും ​തുടർന്ന് അയാളെ അതേ ലോറിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ആശപത്രിയിലെത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ബിജുവിന്റെ മടിയിൽ കിടന്നാണ് ഇയാൾ മരിച്ചത്.

മാനസിക വിഷമം കാരണം ഈ യുവാവിന് വിഷാദ രോ​ഗം ബാധിച്ചിരുന്നു. ഇതേപ്പറ്റി ഇപ്പോഴും വീട്ടുകാരോട് പറയാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ ബിജുവിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.