മരണവീട്ടിലേക്കുള്ള ഓട്ടം അവസാന യാത്രയായി, സുനിലിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ചോമ്പാലക്കാര്‍ക്ക് നഷ്ടമായത് സജീവ ജീവകാരുണ്യ പ്രവര്‍ത്തകനെ
ചോമ്പാല: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സുനിലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചോമ്പാലയിലെ നാട്ടുകാര്‍. മരണവീട്ടിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടിയിലാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഒരു കൂട്ടം തെരുവ് നായകള്‍ സുനില്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയപ്പോള്‍ ചോമ്പാലക്കാര്‍ക്ക് നഷ്ടമായത് സജീവ കാരുണ്യപ്രവര്‍ത്തകനെയും പൊതുപ്രവര്‍ത്തകനെയുമാണ്.
നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു സുനില്‍. കനിവ് പാലിയേറ്റീവ് സെന്ററിന്റെ മുഖ്യ നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. നാട്ടിലെ കല്യാണ വീടായാലും മരണവീടായാലും ഓടിയെത്തി സഹായം ചെയ്യാന്‍ മുന്നില്‍ തന്നെ സുനില്‍ ഉണ്ടാവാറുണ്ടായിരുന്നു. സി.ഐ.ടിയു ഹാര്‍ബര്‍ സെക്ഷന്‍ സെക്രട്ടറി കൂടിയായിരുന്നു.
കണ്ണൂക്കരയിലെ മരണവീട്ടിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒരു കൂട്ടം തെരുവ് നായകള്‍ റോഡിന് കുറുകെ ചാടിയപ്പോള്‍ ഇടത് വശത്തേക്ക് തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് ഓട്ടോ മറിഞ്ഞത്. റോഡിലേക്ക് വീണ സുനിലിന്റെ മുകളിലേക്ക് ഓട്ടോ മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ കരുണന്റെയും ആലീസിന്റെയും മകനാണ്.
ഭാര്യ: നിഷ മകന്‍: അനുനന്ദ്