ഫാമില്‍ ജോലിക്കിടെ ഷോക്കേറ്റു; തിരുവമ്പാടി സ്വദേശിയായ കോഴിഫാം ഉടമ മരിച്ചു


തിരുവമ്പാടി: താമരശ്ശേരി തിരുവമ്പാടിയില്‍ കോഴിഫാം ഉടമ ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.

തിങ്കളാഴ്ച്ച സന്ധ്യയോടെ സ്വന്തം ഫാമായ ‘മലബാര്‍ എഗ്ഗര്‍ ഫാമി’ല്‍ ജോലിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാര്‍ഡ് മൂന്നുതവണ നേടിയ വ്യക്തിയാണ്.

അച്ഛന്‍: പരേതനായ പൂഴിത്തോട് കൈതക്കുളത്ത് മത്തായി. അമ്മ: പരേതയായ മറിയക്കുട്ടി. ഭാര്യ: സെലിന്‍. മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോണിക്ക, എലിസബത്ത് റോസ്.