മൂടാടിയും എം.ആര്‍ വിജയരാഘവനും ശ്രീനാരായണ മിഷന്‍ എന്ന സംഘടനയും- നിജീഷ് എം.ടി എഴുതുന്നു


നിജീഷ് എം.ടി.
72
വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1951 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്നും മൂടാടിയിലേക്ക് എം.ആർ.വിജയരാഘവൻ എന്ന മനുഷ്യസ്നേഹിയായ ഹോമിയോ ഡോക്ടർ എത്തിച്ചേരുന്നതോടെയാണ് മൂടാടി എന്ന ഗ്രാമത്തിന്,നാടിന് പുത്തനുണർവ്വുണ്ടാവുന്നത്. അദ്ദേഹത്തിൻ്റെ സഹോദരങ്ങളും, പെങ്ങളും വയനാട്ടിൽ കുടിയേറി കർഷകരായി ജീവിച്ചപ്പോൾ സമൂഹിക ഇടപെടലുകളിലൂടെ ഒരു നാടിന് പ്രിയപ്പെട്ടവനായി മാറാനായിരുന്നു വിജയരാഘവൻ ഡോക്ടറുടെ നിയോഗം.

അദ്ദേഹത്തിൻ്റെ പാതപിൻതുടർന്ന് ചികിൽസാരംഗത്ത് മൂത്ത മകൻ എത്തിച്ചേർന്നു. ഡോ.എം.ആർ.ബി. ദത്ത് മൂടാടിയിലെ അറിയപ്പെടുന്ന ഹോമിയോ ഡോക്ടറായിത്തീർന്നു. മറ്റൊരു മകൻ ബാബു ഭരദ്വാജ് എഴുത്തുകാരനും, മാധ്യമ പ്രവർത്തകനുമായിരുന്നു.’കലാപങ്ങൾക്കൊരു ഗൃഹപാഠം’എന്ന അദ്ദേഹത്തിൻ്റെ നോവലിന് 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.

മൂടാടിപഞ്ചായത്തിലെ കടലൂർ ഗ്രാമത്തിൻ്റെ അരനൂറ്റാണ്ടിലേറെ മുമ്പുള്ള ജീവിതചിത്രങ്ങളും, ദേശജീവിതത്തിലെ പ്രാന്തവൽകൃതപ്പെട്ടജനസമൂഹത്തെയും ആഴത്തിൽ പഠിച്ചു കൊണ്ടെഴുതിയതാണീ നോവൽ. മൂടാടി എന്ന ഗ്രാമത്തിലെ കടലൂരിന്റെ മണ്ണും, മനുഷ്യരും നോവലിന്റെ പശ്ചാത്തലഭംഗിക്കുവേണ്ടി മാത്രമുള്ള വിവരണമല്ല,മറിച്ച് അതിന്റെ പ്രമേയത്തെയും, ആഖ്യാനത്തെയും ഘടനയേയുമാകെ സ്വാധീനക്കപ്പെട്ടത് അനുഭവംകൊണ്ട് അരനൂറ്റാണ്ട് മുമ്പ് താൻ കണ്ട മൂടാടി ഒരു കുഗ്രാമത്തിൻ്റെ, ജനസമൂഹത്തിൻ്റെ ജീവിതം തന്നെയായിരുന്നു.

ആധികാരിക ചരിത്രത്തിൽ വർണിക്കപ്പെടാത്തതും,വിസ്മൃതിയിലാണ്ടതുമായ ഒരു ദേശത്തിന്റെ ഹൃദയത്തുടിപ്പുകൾ ആഖ്യാനം ചെയ്ത ചരിത്രവും പ്രകൃതിയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴയുന്ന തുറന്നെഴുത്താണ് ‘കാലാപങ്ങൾക്കൊരു ഗൃഹപാഠം’ എന്ന നോവൽ. വീമംഗലം ശിവക്ഷേത്രത്തിന് സമീപം നങ്ങാത്ത് ഉണ്ണര എന്നവരുടെ സ്വന്തമായിരുന്ന കോട്ടപ്പടിത്താഴ എന്ന വീട്ടിലായിരുന്നു ഡോ. എം.ആര്‍.വിജയരാഘവനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ജനകീയനായ ഡോക്ടറായിരുന്നു അദ്ദേഹം. ആതുരാലയ സംവിധാനങ്ങൾ പരിമിതമായിരുന്ന കാലമായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ.

ജനകീയതയിലൂടെ ഡോ. വിജയരാഘവൻ ഈ നാടിൻ്റെ നാഡീസ്പന്ദനങ്ങൾ പഠിച്ചെടുക്കുകയായിരുന്നു. ശ്രീനാരയണ ഗുരുവിൻ്റെ ദർശനങ്ങളിലും, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും വിശ്വസിച്ചിരുന്ന അദ്ദേഹം വ്യക്തമായ ചില കാഴ്ചപ്പാടോടെ വീമംഗലം – വെളക്കാട് ഭാഗങ്ങളിലെ സാമ്പത്തികശേഷിയുള്ള, ഇടത്തരക്കാരായ വിവിധ ആശയഗതിക്കാരുമായ വ്യത്യസ്ത വിഭാഗം ജനങ്ങളെ ബന്ധപ്പെടുകയും ചില നൂതന ആശയങ്ങൾ അവരിലേക്ക് എത്തിക്കുകയും ചെയ്തു. 1951 അവസാനത്തോടെ വീമംഗലത്തെ പൊന്നാട്ടിൽ ചാത്തപ്പൻ എന്നവരുടെ വീട്ടിൽ ഊരാളത്ത് കണാരൻ എന്നവരുടെ അദ്ധ്യക്ഷതയിൽ വിപുലമായ ഒരു യോഗം നടന്നു.

പൊന്നാട്ടിൽ ചാത്തപ്പൻ,ചെള്ളങ്ങാട്ട് കുഞ്ഞിക്കണാരൻ,കല്ലെടുത്ത് കുഞ്ഞിക്കണാരൻ,ഊരാളത്ത് ശങ്കരൻ,തച്ചിനാരി പാച്ചർഉണിച്ചിരം വീട്ടിൽ അച്ചുതൻ വൈദ്യർ,കളത്തിൽ കണ്ടി കുങ്കർ മാസ്റ്റർ,കുറുങ്ങോട്ട് കൃഷ്ണൻ നായർ,ഇളയിടത്ത് ചാത്തുക്കുട്ടി മാസ്റ്റർ,കാരഞ്ചേരി ചെറിയേക്കൻ,തെരുവിൻ പുറത്ത് കുഞ്ഞിരാമൻ (ഹെഡ് ക്ലാർക്ക്, ഖാദി ബോർഡ്)
കുറുങ്ങോട്ട് കണാരൻ എന്നീ 11 പേർക്ക് മുമ്പാകെ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചുകൊണ്ട് ഡോ.വിജയരാഘവൻ സംസാരിക്കുകയും വിശദമായ ആലോചനകൾക്ക് ശേഷം ശ്രീനാരായണ ഗുരുവിൻ്റെ സ്മരണാർത്ഥം മൂടാടിയിൽ ഒരു സാമൂഹ്യ സേവന കേന്ദ്രം തുടങ്ങുന്നതിനായി ‘ശ്രീനാരായണ മിഷൻ’ എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു.

ഈ സംഘടനയുടെ പ്രഥമ പ്രസിഡണ്ടായി തെരുവിൻ പുറത്ത് കുഞ്ഞിരാമൻ (H C) നെയും, സെക്രട്ടറിയായി കളത്തിക്കണ്ടി കുങ്കർ മാസ്റ്ററെയും ട്രഷററായി ചെള്ളങ്ങാട്ട് കുഞ്ഞിക്കണാരൻ അവർകളെയും ചുമതലപ്പെടുത്തിയായിരുന്നു ആ യോഗനടപടികൾ അവസാനിച്ചത്.

ശ്രീനാരായണ മിഷൻ മൂടാടിയിൽ ശ്രീനാരായണ മിഷൻ ലൈബ്രറി & റീഡിംഗ് റൂം എന്ന പേരിൽ ഒരു വായനശാലയും ഒപ്പം ഒരു പൊതു സാംസ്ക്കാരിക കേന്ദ്രവും ആരംഭിക്കാൻ തീരുമാനിച്ചു. വായനശാലയ്ക്കായി ശ്രീ.ഊരാളത്ത് കണാരൻ അവർകൾ തൻ്റെ ഉടമസ്ഥതയിലുള്ള മൂടാടി അങ്ങാടിയിലെ പിടികക്കെട്ടിടത്തിന് മുകൾനില സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു.പിന്നീട് ആ കെട്ടിടത്തിൽ നെഹ്റു യൂത്ത്സെൻ്റർ പ്രവർത്തിച്ചിരുന്നു. ശ്രീ നാരായണ മിഷൻ എന്ന സംഘടന വായനശാല പ്രവർത്തനങ്ങളുമായി മുന്നേറിയപ്പോൾ വളരെയധികം കഷ്ടപ്പെട്ടും, ബുദ്ധിമുട്ടിയും പുസ്തങ്ങൾ സംഘടിപ്പിച്ചപ്പോഴുംമറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴുമൊക്കെ ചിലർ ജാതീയ വേർതിരിവുകൾ ഉണ്ടാക്കി ആ സംഘത്തെ നിശ്ചലമാക്കാനും ശ്രമിച്ചിരുന്നുവെന്നതും പറയാതെ വയ്യ. എന്നാൽ അന്നത്തെ ശ്രീനാരയണ മിഷൻ്റെ മേൽപ്പറഞ്ഞതായ ബഹുമാന്യ വ്യക്തികളുടെ ഇഛാശക്തിയും ഐകൃവും എതിർപ്പുകളെയെല്ലാം അതിജീവിച്ചു മുന്നേറിയതിൻ്റെ ഫലമായി 1953 ഒക്ടോബർ 18 ന് ശ്രീനാരായണ മിഷൻ ലൈബ്രറി & റീഡിംഗ് റൂം പ്രവർത്തനമാരംഭിക്കുകയും,അന്നേ ദിവസം തന്നെ വീമംഗലം യൂ.പി.സ്ക്കൂളിന് സമീപത്ത് ദേശീയ പാതയോരത്ത് ചെള്ളങ്ങാട്ട് കുഞ്ഞിക്കണാരൻ അവർകൾ സൗജന്യമായി SN മിഷന് നൽകിയ ഭൂമിയിൽ SN മിഷൻ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ സ്വന്തം കെട്ടിടത്തിൻ്റെ തറക്കല്ലിടൽ അഭിവന്ദ്യനായ കേരള ഗാന്ധി കേളപ്പജിയാൽ
നടന്നു. ഒരു നാടിൻ്റെ സാംസ്ക്കാരിക മുന്നേറ്റത്തിൻ്റെ അവിസ്മരണീയമായ ദിനം !

കെട്ടിടത്തിൻ്റെ പണി നാൾക്കുനാൾ പുരോഗമിച്ചുകൊണ്ടിരുന്നു. പട്ടേരി ചാത്തു നായരും, പുളിയോട്ടുകുന്നുമ്മൽ ചാത്തു, എടവത്ത് കണ്ടി ചെക്കിണി, കുഞ്ഞിരാമൻ നായർ,
കൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, പൊതുവാൻ കണ്ടി കോമപ്പൻ എന്നിവരൊക്കെ അത്യുത്സാഹത്തോടെ കെട്ടിട നിർമ്മാണത്തിന് കഠിനാദ്ധ്വാനം ചെയ്തവരാണ്. ആറ് മാസം കൊണ്ട് ശ്രീ നാരായണ മിഷ്യൻ ലൈബ്രറി & റീഡിഗ് റൂം വിശാലമായ വരാന്തയും ചുറ്റും ഇരുത്തിയുമുള്ള ഓടിട്ട് മച്ച് പാകിയ മുറിയോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് മാറി.

ആവശ്യമായ ഫർണിച്ചറുകൾ ഐക്യനാണയ സംഘം വകയായും, വ്യക്തികൾ വകയായും ലഭിക്കുകയുണ്ടായി. പി.കെ.മൊയ്തുഹാജി, മൂടാടി കുഞ്ഞപ്പ നായർ, തച്ചിനാരി പാച്ചർ തുടങ്ങി പ്രമുഖരെല്ലാം അകമറിഞ്ഞ് സഹായങ്ങൾ നൽകിയവരാണ്. അലമാരകളിൽ പുസ്തകങ്ങൾ ഒരു നാടിന് വേണ്ടി നിറച്ചു.
നാരായണ മിഷ്യൻ ലൈബ്രറിയുടെ പ്രഥമ പ്രസിഡണ്ട്. തെരുവിൻ പുറത്ത് കുഞ്ഞിരാമൻ (H C) യും, സെക്രട്ടറി കുറുങ്ങോട്ട് കൃഷ്ണൻ നായരും, വൈസ്.പ്രസിഡണ്ട്. യു.കുഞ്ഞിരാമൻ മാസ്റ്ററും, ജോയിൻ്റ് സെക്രട്ടറി. യു.കേളപ്പൻ അവർകളുമായിരുന്നു. മറ്റ് കമ്മറ്റി അംഗങ്ങൾ സർവ്വശ്രീ, വെളക്കാട്ട് കുഞ്ഞിക്കണാരൻ, കളത്തിക്കണ്ടി കുങ്കർ മാസ്റ്റർ, മീത്തലെക്കുനി മമ്മദ്, കാട്ടുകോയത്ത് ഗോപാലൻ നായർ, എ.വി.നാരായണൻ, നങ്ങലത്ത് കുഞ്ഞികൃഷ്ണൻ നായർ, തച്ചിനാരി പാച്ചർ എന്നിവരായിരുന്നു.

പ്രഥമ ലൈബ്രേറിയൻ ഊരാളത്ത് ഗോവിന്ദൻ അവർകളുമായിരുന്നു. തുടർന്ന് ഏ.വി.നാരായണൻ, മണലോടിക്കുനി അപ്പു നായർ, വി.ടി.കുഞ്ഞികൃഷ്ണൻ നായർ, കുളങ്ങര വളപ്പിൽ കൃഷ്ണൻ, കക്കുഴിപറമ്പിൽ കുഞ്ഞിരാമൻ, കെ.ടി.നാരായണൻ, പുതിയോട്ടിൽ കുഞ്ഞിക്കണാരൻ, നടുവിലക്കണ്ടി പാച്ചർ, ഏ.വി.രാഘവൻ എന്നിവരൊക്കെയായിരുന്നു ലൈബ്രേറിയന്മാരായി പ്രവർത്തിച്ചിരുന്നവർ.

ശ്രീനാരയണ മിഷൻ്റ് അനുബന്ധമായി കലാസമിതി പ്രവർത്തനങ്ങളും വായനശാല കേന്ദ്രീകരിച്ച് നടന്നിരുന്നു. എല്ലാവർഷവും വാർഷികാഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. 1954 ലെ പ്രഥമ വാർഷികാഘോഷത്തിന് കുട്ടികളുടെ കലാപരിപാടികളും, പ്രഭാഷണവും ഒപ്പം ഇയ്യപ്പാടി കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള കാവടിയും, ചെണ്ടയും, മറ്റ് വാദ്യങ്ങളോടും കൂടിയ ‘ത്രിശൂലമേന്തിയ വരവ്’ വായനശാലയിൽ നിന്ന് തുടങ്ങി വേദിയിലെത്തിയത് രസകരവും, കൗതുകരവും ആവേശകരവുമായ അനുഭവമായി ഓർക്കുന്നവരുണ്ട്. ചെറുകാടിൻ്റെ ‘രക്തേശ്വരി’ എന്ന നാടകം എസ്.എന്‍. മിഷൻ കലാസമിതിയുടെ അഭിനേതാക്കളായ ഇളയിടത്ത് ചാത്തുക്കുട്ടി മാസ്റ്റർ (സ്ത്രീവേഷത്തിൽ) കുങ്കർ മാഷും, ഭാര്യ ചിരുതക്കുട്ടി ടീച്ചറും, മകൾ ലീലയും, മകൻ സോമസുന്ദരനും, മരുമകൾ സരോജിനിയും, കൊയിലോത്ത് ചാത്തപ്പൻ തുടങ്ങിയവർ മനോഹരമായി അഭിനയിച്ച് അരങ്ങിലെത്തിച്ചു.കൂടാതെ ‘രാഗിണി’ എന്ന വലിയ നാടകവും അന്നുണ്ടായിരുന്നു.പ്രസ്തുത നാടകത്തിൽ നങ്ങലത്ത് കുഞ്ഞികൃഷ്ണൻ നായർ, മലയിൽത്താഴ ഗോപാലൻ, മൊയില്യാട്ട് ദാമോധരൻ നായർ, കുറുങ്ങോട്ട് മീത്തൽ കോരൻ എന്നിവരും പുറത്തു നിന്നുള്ള നടിമാരുമൊക്കെ വേഷമിട്ടിരുന്നു.

1955 ലെ രണ്ടാം വാർഷികത്തിന് എസ്.എൻ.പുരത്തിൻ്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം തച്ചിനാരി പാച്ചർ, കോയിമ്പറപ്പത്ത് കുഞ്ഞിക്കണ്ണൻ, ഇളയിടത്ത് ഗോവിന്ദൻ മാസ്റ്റർ, കണിയാങ്കണ്ടി രാമുണ്ണി നായർ, പുളിയോട്ട് കുന്നുമ്മൽ ചാത്തു, നാരായണൻ നായർ, ചെറുവത്ത് കണ്ടി പങ്കു എന്നിവർ വേഷമിട്ട് അരങ്ങിലെത്തിച്ചു. 1956 മൂന്നാം വാർഷികത്തിൽ യു. കുഞ്ഞിരാമൻ മാസ്റ്റർ, തച്ചിനാരി പാച്ചർ, ഉക്കംകണ്ടി ചാത്തു, കെ.എം. കോരക്കുറുപ്പ്, കൊയിലോത്ത് ചാത്തപ്പൻ, പി.പി.ശങ്കരൻ, യു.കെ.രാഘവൻ, കാട്ടിൽ കുമാരൻ തുടങ്ങിയവർ വേഷമിട്ട ‘കാഞ്ചന സീത’എന്ന പുരാണ നാടകമായിരുന്നു അരങ്ങിലെത്തിയത്. ‘തൂവലും,തൂമ്പയും ‘ എന്ന സാമൂഹ്യ നാടകവും ശ്രദ്ധേയമായി അവതരിപ്പിക്കാൻ എസ്.എന്‍. മിഷൻ കലാസമിതിക്ക് കഴിഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ എഴുത്തുപള്ളിപറമ്പിൽ ബാലൻ, തേവർമോളിക്കുനി ചെക്കോട്ടി, ഗണപതികണ്ടി ചെക്കോട്ടി, വടക്കെയിളയിടത്ത് ഗോപാലൻ, സി.നാരായണൻ മാസ്റ്റർ, എളമക്കണ്ടി നാരായണൻ, പൊന്നാട്ടിൽ ബാലൻ, തിരുമുമ്പിൽ ഗോവിന്ദൻ എന്നിവരും നാടക പ്രതിഭകളായിരുന്നു.

1962 വരെ തുടർച്ചയായി ഒൻപത് വർഷം ശ്രീനാരായണ മിഷൻ കലാസമിതി വായനശാലയുടെ വാർഷിക വേദിയിൽ നാടകങ്ങളും, മറ്റ് കലാപരിപാടികളും അവതരിപ്പിച്ചത് നമ്മുടെ നാടിൻ്റെ ഇന്നലെകൾ എത്ര സജീവമായിരുന്നുവെന്നതിൻ്റെ അടയാളങ്ങളായി ഇന്നും മായാതെ കിടക്കുന്നു. വായനശാല കേന്ദ്രീകരിച്ച് സർവ്വശ്രീ, പി. ഇന്ദു നാരായണൻ്റെ നേതൃത്വത്തിൽ ചേനോത്ത് കുഞ്ഞികൃഷ്ണൻ നായർ, കൂടയിൽ ചന്ദ്രൻ, പി.കുഞ്ഞിരാമൻ, യു.കെ.രാഘവൻ, പി.പി.ശങ്കരൻ, കെ.വി.കുഞ്ഞികൃഷ്ണൻ, എൻ.കെ.കുമാരൻ മാസ്റ്റർ എന്നിവരുടെ കൂട്ടായ്മയിൽ ഒരു ഇൻഫോർമേഷൻ സെൻ്റർ പ്രവർത്തിച്ചിരുന്നു. ‘കേരളം’ എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത മാസികയിൽ ശ്രീ. ചേനോത്ത് കുഞ്ഞികൃഷ്ണൻ നായർ മൂടാടി എന്ന ഗ്രാമത്തിൻ്റെ ഉത്ഭവത്തെക്കുറിച്ച് എഴുതിയ ചരിത്രലേഖനവും, യു.ചന്ദ്രൻ്റെ ഹാസ്യ കവിതയും, കാബൂൾകാരുമായി ബന്ധപ്പെട്ട പഠനങ്ങളും ശ്രദ്ധേയമായ രചനകളായിരുന്നു.

പുതിയ തലമുറയ്ക്ക് ദിശാബോധം നൽകുന്ന രീതിയിൽ വിമംഗലം യു.പി.സ്കൂളിൽ ആഴ്ചതോറും പ്രസംഗ പരിശീലന ക്ലാസും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരായുള്ള പഠന ക്ലാസ്സുകളും നിരന്തരം സംഘടിപ്പിച്ച ഉന്നത പാരമ്പര്യവും നമ്മുടെ മുൻ തലമുറയ്ക്കുണ്ടെന്നുള്ളത് നാം തിരിച്ചറിയണം.ശ്രീ.കെ.പി.വേലായുധൻ മാസ്റ്റർക്കായിരുന്നു പ്രസ്തുത പരിപാടികളുടെ നടത്തിപ്പ് ചുമതല.
സാഹിത്യ സമാജത്തിൻ്റെ ഉപോല്പന്നങ്ങളായ വ്യക്തികൾ നിരവധിയാണ്. കാട്ടുകോത്ത് ഗോപാലൻ നായർ ഐ.എന്‍.സിയുടെ കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറിയും, കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ടും, സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിയും അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ശ്രീ.എം.കെ.മുഹമ്മദും അറിയപ്പെടുന്ന രാഷ്ട്രീയ പ്രർത്തകനായും, പ്രാസംഗികനായും വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വളർന്നിരുന്നു.

ബാലസംഘം, ബാലവേദി
ടി.പി.വിജയൻ, പി.കുഞ്ഞിരാമൻ, പി.വി.ഗംഗാധരൻ, കെ.ഗംഗാധരൻ മാസ്റ്റർ, യു.കെ.രാഘവൻ എന്നിവരായിരുന്നു എസ്.എന്‍. മിഷൻ കലാസമിതിക്ക് വേണ്ടി വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഘാടനച്ചുമതല നിർവ്വഹിച്ചിരുന്നവർ. എന്‍.ഇ.എസ്. മേലടി ബി.ഡി.ഓയും പിന്നീട് കോഴിക്കോട് കലക്ടറുമായിരുന്ന എൻ.കെ.നാരായണ കുറുപ്പിൻ്റെ സഹകരണത്തോടെ കുട്ടികൾക്കായുള്ള നിരവധി പഠന -പഠനേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു. യൂണിസെഫിൻ്റെ സൗജന്യ പാൽ, ഉപ്പുമാവ് വിതരണവും, വിശേഷ ദിവസങ്ങളിൽ പായസ വിതരണവും, വിട്ടുവളപ്പിലെ അടുക്കളത്തോട്ട നിർമ്മാണം എന്നിവയൊക്കെ കുട്ടികളിലൂടെ സംഘടിപ്പിക്കാൻ വായനശാലയ്ക്ക് കഴിഞ്ഞിരുന്നു.

ആധുനിക ചികിത്സാ സൗകര്യങ്ങൾ പരിമിതമായ അന്നത്തെ കാലത്ത് വായനശാല വരാന്തയിലിരുന്ന് ഡോക്ടർമാർ രോഗികളെ പരിശോധിച്ചിരുന്നു. വഴിയാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഒരു സത്രം പോലെയായിരുന്നു വായനശാല വരാന്ത. പ്രസവമുൾപ്പെടെ ആ വരാന്തയിൽ നടന്നിട്ടുണ്ടെന്ന് മുൻ തലമുറ പറയുന്നു. റോഡ് സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് വായനശാല വകയായി ഒരു മഞ്ചലും ഉണ്ടായിരുന്നു. കിടപ്പു രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള മനുഷ്യസാധ്യമായ ഏക മാർഗ്ഗം മഞ്ചലിലേറ്റുകയെന്നതുതന്നെയായിരുന്നു.

1959ൽ കുങ്കർ മാസ്റ്റർ സ്വന്തം ചെലവിൽ കളത്തിക്കണ്ടി രാമൻ,കുട്ടലി, കണാരൻ,തിരുമാല എന്നിവരുടെ സ്മരണാർത്ഥം ഒരു കിണർ വായനശാലയോട് ചേർന്ന് നാടിൻ്റെ പൊതു ആവശ്യത്തിന് വേണ്ടി വായനശാലയുടെ പേരിൽ കുഴിച്ച് നെല്ലിപ്പലകവെച്ച്, കല്ല്കെട്ടി ആൾമറ തീർത്ത് നാടിന് സമർപ്പിച്ചത് അക്കാലത്തെ ഒരു സാമൂഹ്യ പരിഷ്ക്കരണ പ്രവർത്തനത്തിൻ്റെ ഉദാഹരണമാണ്. സ്വന്തം അമ്മയുടെ മരണാനന്തരച്ചടങ്ങിന് രാമേശ്വരത്ത് പോകേണ്ടതും, അവിടെ ചടങ്ങുകൾ നടത്തുന്നതിൻ്റെയും സാമ്പത്തിക ഭാരം എത്രയെന്ന് അനുഭവജ്ഞാനമുള്ള കുറുങ്ങോട്ട് കൃഷ്ണൻ നായരിൽ നിന്നും പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ കുങ്കർ മാസ്റ്റർ ആ തുക കൊണ്ട് പൊതുജനങ്ങൾക്കും, യാത്രക്കാർക്കും കുടിവെള്ളത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഒരു കിണർ വായനശാലയുടെ പേരിൽ കുഴിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്തു.

കിണറിനുള്ള സ്ഥലം സൗജന്യമായി ഭൂഉടമയും എസ്.എന്‍. മിഷൻ ഭാരവാഹിയുമായിരുന്ന ചെള്ളങ്ങാട്ട് കുഞ്ഞിക്കണാരൻ സൗജന്യമായി നൽകി. കാലം മാറിയപ്പോൾ വസ്തു കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ആ കിണർ വായനശാലയ്ക്ക് നഷ്ടപ്പെടുമായിരുന്നെനെ ചരിത്രബോധമുള്ള നാട്ടുകാരിൽ ചിലരുടെയും, വായനശാല ഭരണസമിതിയുടെയും സമയോചിത ഇടപെടലുകളാൽ കിണർ തിരിച്ചു കിട്ടിയെങ്കിലും അതിൻ്റെ ആൾമറക്കെട്ടിൽ സിമൻ്റിൽ എഴുതിയിട്ടിരുന്ന ആ സ്മരണാക്കുറിപ്പുകൾ ഇന്ന് കാണാനില്ല. സ്മാരകശിലകൾ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന, അടയാളപ്പെടുത്തുന്ന സത്യങ്ങളാണ് അവയൊന്നും ഒരിക്കലും മായ്ച്ചു കളയാനോ,നശിപ്പിക്കപ്പെട്ടു പോകുകയോ പാടില്ല, അടുത്ത തലമുറയും നാടിനെ അറിയേണ്ടത് ഇത്തരം അടയാളങ്ങളിൽക്കൂടിയാണ്. ഇന്ന് ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരവുമായാണ് ശ്രീനാരായണ ലൈബ്രറി മൂടാടി ഗ്രാമത്തിന് അക്ഷരവെളിച്ചമേകിക്കൊണ്ടിരിക്കുന്നത്.

മൂടാടി ഗ്രാമത്തിന് വായനയുടെ വാതായനങ്ങൾ തുറന്നിട്ടുകൊടുത്ത്
മൺമറഞ്ഞു പോയ മഹദ് വ്യക്തികൾക്ക് സ്മരണാജ്ഞലികൾ