പൊറ്റമ്മല്‍ നമ്പീശന്റെ കാര്‍മികത്വത്തില്‍ കവിടി നിരത്തി ഗണിച്ച് കാളിയാട്ടം കുറിച്ചു; മേല്‍ശാന്തി ഇന്ന് ക്ഷേത്രത്തില്‍ നിന്നും പിന്‍വാങ്ങും; കൊല്ലം പിഷാരികാവ് ക്ഷേത്രം ഇനി ഉത്സവച്ചൂടിലേക്ക്- ചിത്രങ്ങള്‍ കാണാം


കൊല്ലം: പിഷാരികാവ് ക്ഷേത്രം ഇനി ഉത്സവച്ചൂടിലേക്ക്. ഉത്സവാഘോഷങ്ങളുടെ ആദ്യ പടിയായ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഇന്ന് നടന്നു. ഇതോടെ ക്ഷേത്രവും പരിസരവും ഉത്സവ പ്രതീതിയിലാണ്.


പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ നമ്പീശനും, കോട്ടൂർ ശശി നമ്പീശനും

മീനമാസത്തില്‍ ആരംഭിക്കുന്ന കാളിയാട്ട മഹോത്സവുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങാണിതെന്ന് പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ വേണു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എല്ലാവര്‍ഷവും കുംഭം പത്തിനാണ് കാളിയാട്ടം കുറിയ്ക്കുക. ഇന്ന് പ്രഭാതപൂജയ്ക്കുശേഷം ഒമ്പതുമണിയ്ക്ക് ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ചായിരുന്നു തിയ്യതി കുറിക്കല്‍ ചടങ്ങ് നടന്നത്. ചേമഞ്ചേരി പൊറ്റമ്മല്‍ തറവാട്ട് കാരണവരായ പൊറ്റമ്മല്‍ നമ്പീശനാണ് പിഷാരികാവ് കാളിയാട്ടം കുറിക്കാന്‍ മുഖ്യകാര്‍മികത്വം വഹിക്കാനുള്ള അവകാശം. ഇത്തവണ പൊറ്റമ്മല്‍തറവാട്ട് കാരണവരായ ഉണ്ണിക്കൃഷ്ണന്‍ നമ്പീശനാണ് കാര്‍മ്മികത്വം വഹിച്ചത്. കോട്ടൂര്‍ ശശി നമ്പീശന്‍ കവിടി നിരത്തി ഗണിച്ച് കാളിയാട്ട ദിവസം കുറിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, കീഴയിൽ ബാലൻ, ഇളയിടത്ത് വേണുഗോപാൽ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, പ്രമോദ് തുന്നോത്ത്, എ.പി.സുധീഷ്, പി.പി.രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

രാത്രി അത്താഴ പൂജയ്ക്കുശേഷമേ തിയ്യതി പുറത്ത് അറിയിക്കാന്‍ പാടുള്ളൂ. എട്ടുമണിയോടെ അത്താഴ പൂജ കഴിഞ്ഞാല്‍ ക്ഷേത്രനടയില്‍ വെച്ച് ഷാരടി കുടുംബത്തിലെ ഒരംഗം മുഹൂര്‍ത്തം കുറിച്ച ചാര്‍ത്ത് ഉച്ചത്തില്‍ വിളിച്ചറിയിക്കുകയാണ് ചെയ്യുക.

തറവാട്ട് കാരണവൻമാർ

കളിയാട്ടം കുറിച്ചുകഴിഞ്ഞാല്‍ ക്ഷേത്രം മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയും വ്രതാനുഷ്ടാനങ്ങളോടെ കൊടിയേറ്റ ദിവസം തിരിച്ചുവരികയുമാണ് ചെയ്യുകയെന്നും വേണു പറഞ്ഞു. ഇതനുസരിച്ച് മേല്‍ശാന്തി നാരായണന്‍ മൂസത് ഇന്ന് ക്ഷേത്രം വിട്ടുപോകും. ഇതിനു പുറമേ കാളിയാട്ടം കുറിച്ചതു മുതല്‍ ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്, നിറമാല, വലിയവട്ടളം ഗുരുതി എന്നീ വഴിപാടുകള്‍ ഉണ്ടായിരിക്കില്ല.

ഈ വെള്ളിയാഴ്ച ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. യോഗത്തിലാണ് ഉത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച മറ്റുകാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. സര്‍ക്കാറുമായും കലക്ടറുമായും പൊലീസുമായും ബന്ധപ്പെട്ടുകൊണ്ട് നല്ല രീതിയില്‍ പരിപാടി മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും വേണു പറഞ്ഞു.

നീണ്ട ഒരുക്കങ്ങള്‍ക്കു ശേഷം മീനത്തിലാണ് എട്ടുദിവസത്തെ ഉല്‍സവം നടക്കുക. തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാന രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ തിരുവിതാംകൂറിലെ ചെട്ടിമാരുടെയും വള്ളുവനാടന്‍ തന്ത്രിമാരുടെയും കോഴിക്കോട്ടെ മൂസ്സതുമാരുടെയും സാന്നിധ്യത്തിലാണു കാളിയാട്ടം നടക്കുക. ഉല്‍സവാഘോഷത്തില്‍ വാദ്യം പൊതുവേ തെക്കന്‍ കേരള ശൈലിയിലാണ്. വലിയ വിളക്കും കാളിയാട്ടവുമാണു പ്രധാനം.

ഏഴാം ദിവസമാണ് വലിയവിളക്ക്. എട്ടാം നാളാണ് കാളിയാട്ടം. ഈ രണ്ടു ദിവസങ്ങളില്‍ പിടിയാനപ്പുറത്ത് നാന്ദകം എന്ന ദിവ്യമായ വാളിലാണ് ഭഗവതിയെ എഴുന്നള്ളിക്കുക. പഞ്ചലോഹ വാളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ക്ഷേത്രത്തിലെ നാന്ദകം ഈ ദിവസങ്ങളില്‍ മാത്രമാണു പുറത്തെഴുന്നള്ളിക്കുക. തങ്കത്തില്‍ പണിത നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്തേറ്റി മറ്റു ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ഭക്തജനത്തിരക്കില്‍ നടക്കുന്ന എഴുന്നള്ളത്തു ഭക്തിനിര്‍ഭരമാണ്. പണ്ടുകാലത്തു വാളെഴുന്നള്ളത്തിനു പിടിയാനയെ നല്‍കിയിരുന്നതു മുസ്ലിംകളായിരുന്നത്രെ.

എഴുന്നള്ളത്തു പാലച്ചുവട്ടിലെത്തുമ്പോള്‍ അവിടെ കുറുപ്പിന്റെ നൃത്തമുണ്ടാകും. കാളിയാട്ട ദിവസം മേളം കഴിഞ്ഞ് ഭഗവതി ഊരു ചുറ്റാനിറങ്ങും. ഈ സമയത്തു നാനാജാതിക്കാരായ അവകാശികള്‍ കാവല്‍ നില്‍ക്കും. നാന്ദകം ഇറക്കുന്നതുവരെ കാവല്‍ക്കാരുണ്ടാകും.

അരിങ്ങാടെറിയല്‍ എന്ന ചടങ്ങ് ഇവിടത്തെ ഉല്‍സവത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ അവര്‍ണര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന കാലത്തും സകല വിശ്വാസികള്‍ക്കുമായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന പിഷാരികാവ് മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചിരുന്ന അപരിഷ്‌കൃതത്വത്തെ അകറ്റിനിര്‍ത്തിയിരുന്ന ക്ഷേത്രമാണ്.