ടൂവീലര്‍ വാങ്ങാന്‍ ലോണെടുക്കാനുള്ള ആലോചനയിലാണോ? പലിശ കുറഞ്ഞ് കിട്ടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക


സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വാഹനമാണ് ഇരുചക്ര വാഹനങ്ങള്‍. ജോലിയ്ക്കും സമയത്തെത്താനും യാത്രാ ബുദ്ധിമുട്ടുള്ള മേഖലയില്‍ നിന്നും പുറത്തേക്ക് പോകാനുമെല്ലാം ടൂവീലറുകള്‍ ഏറെ സഹായകരമാണ്. ടൂവീലറുകള്‍ സ്വന്തമാക്കാന്‍ ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. പലിശയുടെ കാര്യത്തില്‍ അധികമൊന്നും ശ്രദ്ധ നല്‍കാറില്ല. എന്നാല്‍ ചില മുന്‍കരുതലെടുത്താല്‍ കുറഞ്ഞ പലിശയില്‍ തന്നെ നിങ്ങള്‍ക്ക് ടൂവീലറുകള്‍ സ്വന്തമാക്കാന്‍ കഴിയും.

മികച്ച നിരക്കില്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ക്രഡിറ്റ് സ്‌കോര്‍:

മറ്റേതൊരു ലോണുകളെയും പോലെ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാന്‍ മികച്ച ക്രഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ക്രഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യതയാണ് അത് സൂചിപ്പിക്കുന്നത്. ബാങ്കുകള്‍ ഈ സാധ്യത മുന്‍കൂട്ടി കണ്ട് ബാങ്കുകള്‍ സാധാരണ നിരക്കിനൊപ്പം റിസ്‌ക് പ്രീമിയം പോലെ കൂടുതല്‍ പലിശകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്യും. 750 ഓ അതിനുമുകളിലോ ഉള്ള ക്രഡിറ്റ് സ്‌കോറിലൂടെ നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാഹന ലോണ്‍ കിട്ടും. അതുകൊണ്ട് ഭാവിയില്‍ ടൂവീലറുകള്‍ ലോണിനെടുക്കാന്‍ പ്ലാനുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ നോക്കണം. സ്‌കോര്‍ കുറവാണെങ്കില്‍ അത് മെച്ചപ്പെടുത്താനുള്ള പണി നോക്കണം.

ഏതാണ് കുറഞ്ഞ നിരക്ക്:

എല്ലാ ബാങ്കിലും വാഹന ലോണിന് ഒരേ പലിശയല്ല ഈടാക്കുന്നത്. ലോണിന് അപേക്ഷിക്കുന്നതിനു മുമ്പ് ഓരോ ബാങ്കുകളിലെയും നിരക്കുകള്‍ താരതമ്യം ചെയ്യണം. പലിശനിരക്കിനൊപ്പം, പ്രോസസിങ് ഫീസ്, തിരിച്ചടവ് വൈകിയാലുള്ള പിഴ, മറ്റു ചാര്‍ജുകള്‍ എന്നിവ കൂടി താരതമ്യം ചെയ്യണം.

ടൈഅപ്പുകളുണ്ടോ:

ഇരുചക്ര വാഹനങ്ങള്‍ വാങ്ങാനുള്ള ലോണ്‍ കിട്ടാന്‍ നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്. ഒന്ന് ലോണ്‍ കിട്ടുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പണം കണ്ടെത്തി വണ്ടി വാങ്ങുകയെന്നതാണ്. രണ്ടാമത്തേത് നിങ്ങള്‍ വാങ്ങുന്ന ടൂവീലറിന്റെ കമ്പനിയ്ക്ക് ലോണ്‍ നല്‍കാന്‍ ഏതെങ്കിലും സ്ഥാപനങ്ങളുമായി ടൈഅപ്പുകളുണ്ടെങ്കില്‍ അവിടെ നിന്ന് ലോണെടുക്കലാണ്. മിക്ക ടൂവീലര്‍ കമ്പനികള്‍ക്കും ലോണ്‍ ദാതാക്കളുമായി ടൈഅപ്പുകളുണ്ടായിരിക്കും. അങ്ങനെയാവുമ്പോള്‍ പ്രോസസിങ് ഫീസ് കുറഞ്ഞുകിട്ടാനും കുറഞ്ഞ നിരക്കില്‍ എളുപ്പം ലോണ്‍ കിട്ടാനും സാധ്യതയുണ്ട്.

ടൂവീലര്‍ ലോണിന്മേലുള്ള പ്രത്യേക ഓഫറുകള്‍:

മിക്ക ബാങ്കുകളും കാലാകാലങ്ങളില്‍ പ്രത്യേക ടൂവീലര്‍ ലോണ്‍ ഓഫറുകള്‍ കൊണ്ടുവരാറുണ്ട്. ഉദാഹരണത്തിന്, സ്വാതന്ത്ര്യദിനം, പുതുവത്സരം പോലെയുള്ള അവസരങ്ങളില്‍. ഈ സമയങ്ങളില്‍ ആകര്‍ഷകമായ നിരക്കുകളില്‍, പ്രോസസിങ് ചാര്‍ജ് ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ടൂവീലര്‍ ലോണുകള്‍ ലഭിക്കും.

പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫറുകളുണ്ടോയെന്ന് നോക്കുക:

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നല്ല രീതിയില്‍ ഇടപാട് നടക്കുകയും ആരോഗ്യകരമായ സാമ്പത്തിക ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫര്‍ ചെയ്തേക്കാം. ഇ മെയില്‍, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയിലൂടെ പ്രീ അപ്രൂവ്ഡ് ലോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബാങ്ക് ഉപഭോക്താക്കളെ അറിയിക്കും. ഇല്ലെങ്കില്‍ ബാങ്കിന്റെ ആപ്പിലോ വെബ്സൈറ്റുകളിലോ അത്തരം ലോണ്‍ ഓഫറുകള്‍ വന്നിട്ടുണ്ടോയെന്ന് നോക്കാം. ഇത്തരം ലോണുകള്‍ ആകര്‍ഷകമായ നിരക്കില്‍ വളരെ എളുപ്പം കിട്ടും.

ചില ഘട്ടങ്ങളില്‍ നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ കുറവായതിനാല്‍ ബാങ്ക് ലോണ്‍ തരാത്ത അവസ്ഥയുണ്ടാവാം. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ലോണിനായി സമീപിക്കാവുന്നതാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ ലോണിനായുള്ള മാനദണ്ഡങ്ങളില്‍ ഇളവുകളുണ്ടാകും, അതേസമയം, അവര്‍ ഉയര്‍ന്ന നിരക്കും പ്രോസിങ് ചാര്‍ജ് ഈടാക്കാനിടയുണ്ട്.