മഴ മാറി, എന്‍ ഊര്‌ വീണ്ടും തുറന്നു; ആദിവാസി ഗോത്രജീവിതത്തെ അടുത്തറിയാം ഈ യാത്രയിലൂടെ



യാത്ര ഇഷ്ടപ്പെടുന്നവര്‍ പ്രത്യേകിച്ച് പേരാമ്പ്രക്കാര്‍ ഒരുതവണയെങ്കിലും പോയ ഇടമായിരിക്കും വയനാട്. നമ്മുടെ നാട്ടില്‍ നിന്നും അധികം അകലെയല്ലാതെയുള്ള മനോഹരമായ വിനോദ സഞ്ചാര ഇടം. വയനാട്ടില്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. ഓരോ തവണയും അതിന് പുതുമയുമുണ്ട്. എങ്കിലും വയനാട്ടില്‍ പുതുതായി എന്തെങ്കിലും കാണണമെന്നുണ്ടെങ്കില്‍ നേരെ എന്നൂരേക്ക് പോകാം. എന്‍ ഊര്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ട് അധികകാലമായിട്ടില്ല. മഴയത്തുടര്‍ന്ന് കുറച്ചുദിവസമായി അടച്ചിട്ടെങ്കിലും ശനിയാഴ്ചയോടെ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചിരിക്കുകയാണ്.

കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം പൂക്കോട് ‘എന്‍ ഊര്‌’ ഗോത്ര പൈതൃക പദ്ധതി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുയാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നായിരുന്നു കേന്ദ്രം അടച്ചിട്ടത്.

വയനാട് ചുരംകയറി എത്തുന്ന ലക്കിടിയിലാണ് ആദിവാസി ഉന്നമന പദ്ധതിയായ എന്‍ ഊര്‌. പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്കരികെയുള്ള കുന്നിന്‍ മുകളിലാണ് മനോഹരമായ ഈ ഗോത്ര ഗ്രാമം. കോടമഞ്ഞും ചാറ്റല്‍ മഴയും നേരിയ കുളിര്‍ക്കാറ്റും നിറഞ്ഞ മനോഹര പ്രദേശം സ്വപ്ന തുല്യമായ സുന്ദരകാഴ്ചകളാണ് സഞ്ചാരികള്‍ക്കായി കാത്തുവെക്കുന്നത്.

ട്രൈബല്‍ മാര്‍ക്കറ്റ്, ഗോത്ര ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ്, ഗോത്ര കുടിലുകള്‍, ആര്‍ട്ട് മ്യൂസിയം, ആംഫി തിയറ്റര്‍, കലാകേന്ദ്രങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, ഗോത്ര മരുന്നുകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന ഷോപ്പ്, കുട്ടികള്‍ക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങളുള്‍പ്പെടെയുള്ള പാര്‍ക്ക് തുടങ്ങിയവയെല്ലാം എന്നൂരില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ആദിവാസി കുടിലുകളില്‍ അന്തിയുറങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതേ അനുഭവം സമ്മാനിക്കുന്നതാണ് ഇവിടുത്തെ താമസ സൗകര്യം.

summary: The rain stopped and Ennur opened again