ചെങ്കല്‍ലോറിയില്‍ മദ്യം എത്തിച്ച് വില്‍പ്പന; മാഹിയില്‍ നിന്നും കല്ലുകള്‍ക്കിടയില്‍ ഒളുപ്പിച്ച് കൊണ്ടുവന്ന 20 കുപ്പിമദ്യവുമായി ബാലുശ്ശേരി സ്വദേശി പിടിയില്‍


ബാലുശ്ശേരി: മാഹിയില്‍നിന്ന് സ്ഥിരമായി ചെങ്കല്‍ ലോറിയില്‍ മദ്യംകൊണ്ടുവന്ന് വില്‍പ്പനനടത്തിയ  ബാലുശ്ശേരി സ്വദേശി പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ചാമക്കാലയില്‍ ഷാജിയെ(48) മദ്യവും ലോറിയും സഹിതം ബാലുശ്ശേരി എസ്.ഐയുടെ നേതൃത്വത്തില്‍ റഫീഖ് പറമ്പിന്റെ മുകള്‍വെച്ച് അറസ്റ്റുചെയ്തു.

കണ്ണൂരില്‍നിന്ന് ചെങ്കല്ല് കയറ്റിവരുമ്പോള്‍ മാഹിയില്‍ ലോറി നിര്‍ത്തി അവിടെനിന്ന് കല്ലുകള്‍ക്കിടയില്‍ മദ്യക്കുപ്പികള്‍ കയറ്റിയാണ് കൊണ്ടുവരാറുള്ളത്. 20 മദ്യക്കുപ്പികളാണ് ലോറിയില്‍നിന്ന് കണ്ടെടുത്തത്. മദ്യക്കുപ്പികളും ലോറിയും കസ്റ്റഡിയിലെടുത്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.പി.ഒ. അശ്വിന്‍, ഡ്രൈവര്‍ ഗണേശന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.