കൊടുങ്ങല്ലൂരില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടില്‍ മരിച്ച നിലയില്‍; വിഷവാതകം ശ്വസിച്ച് ആത്മഹത്യ ചെയ്തതെന്ന് സംശയം


തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ആഷിഫ് (41), ഭാര്യ അബീറ (38), മക്കളായ അസ്‌റ (14), അനൈനുനീസ (ഏഴ്) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.

വീടിന്റെ ജനലുകളെല്ലാം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് അടച്ച നിലയിലായിരുന്നു. മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ ഇത് ആത്മഹത്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാവിലെ 10 മണിയായിട്ടും വീട്ടിലെ ആരും പുറത്തിറങ്ങാത്തതിനാല്‍ താഴെയുണ്ടായിരുന്ന ആഷിഫിന്റെ സഹോദരി അയല്‍വാസികളെയും കൂട്ടി വാതില്‍ പൊളിച്ച് അകത്തെത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടത്. ചാര്‍ക്കോള്‍ കത്തിച്ചാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാക്കിയതെന്നും വിവരമുണ്ട്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ്.എന്‍.ശങ്കരന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.