ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ; വേളം പഞ്ചായത്തിലെ കുറിച്ചകം നാളെ പോളിം​ഗ് ബൂത്തിലേക്ക്


വേളം: വാശിയേറിയ പൊരാട്ടങ്ങൾക്കൊടുവിൽ നിശബ്ദ പ്രചാരണങ്ങളിൽ വേളം പഞ്ചായത്തിലെ 11-ാം വാർഡായ കുറിച്ചകം. ഉപതരിഞ്ഞെടുപ്പിൽ സിറ്റിം​ഗ് സീറ്റ് നിലനിർത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. എന്നാൽ വാർഡ് പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി യു.ഡി.എഫും ബിജെപിയും ശക്തമായ പ്രചരണമാണ് കാഴ്ചവെച്ചത്. കുറിച്ചകം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.

സി.പി.എമ്മിന്റെ കെ.കെ മനോജനായിരുന്നു കുറിച്ചകം വാർഡ് മെമ്പർ. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് മനോജ് മെമ്പർ സ്ഥാനം രാജിവെക്കുന്നത്. തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരികയായിരുന്നു. മെയ് 30-നാണ് ഉപതിരഞ്ഞെടുപ്പ്.

കർഷകസംഘം നേതാവുകൂടിയായ പി.എം. കുമാരനാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. വിദ്യാർഥിസംഘടനാനേതാവ് ശാനിബ് ചെമ്പോടാണ് യു.ഡി.എഫിനായി രംഗത്തിറങ്ങിയത്. മണിമലക്കാർക്ക് സുപരിചിതനായ ടി.എം. ഷാജുവിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയത്.

വർഷങ്ങളായി എൽ.ഡി.എഫിനൊപ്പമാണ് കുറിച്ചകത്തുകാർ. 294 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഭൂരിപക്ഷംവർധിപ്പിച്ച് സിറ്റിങ്‌ സീറ്റ് നിലനിർത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. എൽ.ഡി.എഫിന്റെ കയ്യിൽ നിന്നും വാർഡ് പിടിച്ചെടുക്കാനായി ശക്തമായ പ്രചാരണപ്രവർത്തനമാണ് യു.ഡി.എഫും ബിജെപിയും ചെയ്തത്. മുന്നണികളുടെ സംസ്ഥാന, ജില്ലാ നേതാക്കന്മാർ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.