ഉദയാസ്തമയ സമയത്തെ ആകാശ കാഴ്ച, തിക്കോടി ലൈറ്റ് ഹൗസ്, അങ്ങു ദൂരെ നേര്‍ത്ത വരപോലെ കാണുന്ന കൊയിലാണ്ടി കടപ്പുറം, വയനാടന്‍ മലനിരകള്‍, കക്കയം മലകള്‍; യാത്രയ്ക്ക് തയ്യാറാവൂ, വേയപ്പാറ വിളിക്കുന്നു, മനോഹരമായ ഒരു കാഴ്ച്ചാ അനുഭവവുമായി


ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ രസകരമാണ്. എന്നാല്‍ ആസ്വദിക്കാന്‍ മനസ്സൊരുങ്ങിക്കഴിഞ്ഞാല്‍ വീട്ടിന് പുറത്തേക്കിറങ്ങുന്ന ഏത് യാത്രയും രസകരമായിരിക്കും. കൊച്ചുകൊച്ചു അവധി ദിവസങ്ങള്‍ മാത്രം കിട്ടുന്ന ഈ തിരക്കുപിടിച്ച ജീവിതത്തില്‍ അത്തരം യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദവുമാകും. പേരാമ്പ്രയില്‍ നിന്നും അങ്ങനെ ഒരു കൊച്ചു ദിവസം പോയി വരാന്‍ പറ്റുന്ന ഒരു മനോഹരമായ സ്ഥലമാണ് വേയപ്പാറ.

നടുവണ്ണൂരില്‍ ചെങ്ങോടുമലയുടെ പടിഞ്ഞാറെ അറ്റത്ത് ഏക്കര്‍ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വേയപ്പാറ സഞ്ചാരികളുടെ കാല്‍പ്പെരുമാറ്റം അതികം ഏല്‍ക്കാത്തൊരിടമാണ്. എന്നാല്‍ ഒരിക്കല്‍ അവിടേക്ക് പോയവര്‍ പിന്നീടെപ്പോഴും പോവാന്‍ ആഗ്രഹിക്കുന്നൊരു ഇടം കൂടിയാണിത്.

വേയപ്പാറയുടെ പാറപ്പരപ്പില്‍ മുകളിലെത്തിയാല്‍ വരവേല്‍ക്കുന്നതു ചുറ്റുമുള്ള മലനിരകളുടെയും വയല്‍പരപ്പുകളുടെയും മനോഹര കാഴ്ചയാണ്. ഉദയാസ്തമയ സമയത്തെ ആകാശ കാഴ്ച, തിക്കോടി ലൈറ്റ് ഹൗസ്, അങ്ങു ദൂരെ നേര്‍ത്ത വരപോലെ കാണുന്ന കൊയിലാണ്ടി കടപ്പുറം, വയനാടന്‍ മലനിരകള്‍, കക്കയം മലകള്‍…. ഇങ്ങനെ ചുറ്റും കണ്ണിനു വിരുന്നൊരുക്കുന്ന സുന്ദര കാഴ്ചയാണ് ഇവിടുത്തെ ആകര്‍ഷണീയത.

ഏത് കാലാവസ്ഥയിലും ഒരുപോലെ സഞ്ചാരികള്‍ക്ക് ഇവിടം ആഘര്‍ഷണീയമാണ്. കൂടാതെ സാഹസിക വിനോദ സഞ്ചാരത്തിനും അനുകൂലമാണ് പ്രദേശം. അപൂര്‍വ ഔഷധ സസ്യങ്ങളും മരങ്ങളും വിവിധ ഇനം പൂമ്പാറ്റകളും പക്ഷികളും നിറഞ്ഞ പ്രകൃതി രമണീയമായ അന്തരീക്ഷം തന്നെയാണ് വേയപ്പാറയിലേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും മാടി വിളിക്കുന്നത്. കടുത്ത വേനലിലും മലമുകളിലെത്തിയാല്‍ തണുത്ത കാറ്റ് ആശ്വാസമായി ഉണ്ടാകും.

സമുദ്ര നിരപ്പില്‍ നിന്ന് 400 മീറ്ററിലധികം ഉയര്‍ന്നതും മൂന്നു വശങ്ങളും ചെങ്കുത്തായതുമായ ഈ പ്രദേശം ഗ്രാമീണ ടൂറിസത്തിനു വലിയ സാധ്യതയാണ്. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന വേയപ്പാറ കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലും അതിര്‍ത്തി പങ്കിടുന്നുണ്ട്.

നരയംകുളം അരട്ടന്‍കണ്ടി പാറ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്ന് ചെങ്ങോടുമലയുടെ ചെരിവിലൂടെ അര മണിക്കൂര്‍ നടന്നു കയറിയാല്‍ ഇവിടെ എത്താം. ഇതാണ് വേയാപ്പാറയിലേക്കുള്ള പ്രധാന വഴി. അതിന് പുറമെ മൂലാട് നിന്ന് കള്ളാത്തറ വരെ റോഡ് സൗകര്യമുണ്ട്. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ വേയപ്പാറയിലെത്താന്‍ സാധിക്കും അതിനുള്ള സൗകര്യം ഒരുക്കേണ്ടതായുണ്ട്.

അത്യപൂര്‍വ ഔഷധ സസ്യങ്ങള്‍, വിവിധ തരം മരങ്ങള്‍, കുറ്റിച്ചെടികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, കാട്ടുമൃഗങ്ങള്‍ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറ എന്നിവയാണ് വേയാപ്പാറയുടെ മറ്റൊരുപ്രത്യേകത. പാറയുടെ മുകള്‍ ഭാഗത്ത് നിരപ്പായ സ്ഥലമായതിനാല്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കലാപരിപാടികള്‍ സംഘടിപ്പിക്കാനും വരെ ഇവിടെ സൗകര്യമുണ്ട്.

കുടാതെ കുന്നില്‍ചരിവോടുകൂടിയ മലനിരയിലേക്കുള്ള കയറ്റം ട്രക്കിങ് സാധ്യതയും ഒരുക്കുന്നുണ്ട്. നരയംകുളം അരട്ടന്‍കണ്ടി പാറ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം മുതല്‍ വേയപ്പാറയിലേക്ക് ഏകദേശം 800 മീറ്റര്‍ നീളത്തില്‍ പടവുകളും ഹാന്‍ഡ് റെയിലും സ്ഥാപിച്ചാല്‍ ട്രക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെയൊരു സൗകര്യം വന്നാല്‍ സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സാധ്യത പ്രദേശത്ത് ഏറെയാവും.

ഏറ്റവും കുറഞ്ഞ ചിലവില്‍ ഒരുപാട് സാധ്യതകള്‍ നല്‍കുന്ന ഒരു മനോഹരമായ യാത്രാ അനുഭവമാവും വേയാപ്പാറയിലേക്കുള്ള യാത്ര എന്നതില്‍ തര്‍ക്കമില്ല. പൊരിവേനലിലും നല്ല തണുത്ത കാറ്റ് ലഭിക്കുന്ന സുഖമുള്ള കാലാവസ്ഥ. അതുപോലെ തന്നെ ഒരിക്കല്‍ പോയവരുടെ മനസ്സില്‍ വീണ്ടും വീണ്ടും പോവാനുള്ള ആഘര്‍ഷണീയത എന്നിവ വേയാപ്പാറയുടെ പ്രത്യേകതയാണ്.