ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ ആല്‍ത്തറയ്ക്കും ഇനി ബിജു മുചുകുന്നിന്റെ ശില്‍പ ചാരുത; സിമന്റില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനെ അറിയാംകൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കും ഇനി ബിജു മുചുകുന്നിന്റെ ശില്‍പചാരുത. മുചുകുന്ന് സ്വദേശി വാഴയില്‍ മീത്തല്‍ ബിജുവും സംഘവുമാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആല്‍ത്തറ സിമന്റില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്.

മുപ്പത് ദിവസംകൊണ്ടാണ് ആല്‍ത്തറ ശില്പങ്ങള്‍ കൊണ്ട് ഭംഗിയാക്കിയതെന്ന് ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സംഗീതത്തെയും നൃത്തത്തെയും ആസ്പദമാക്കിയുള്ള കൊത്തുപണികളാണ് ആല്‍ത്തറ ചെയ്തത്. സഹായികളായി ശിവന്‍ തോലേരി, നിധീഷ് കാവുംവട്ടം, ജലേഷ് മൂടാടി എന്നിവരുമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

പതിനാലുവര്‍ഷത്തോളമായി ബിജു ശില്പകലാ രംഗത്ത് സജീവമാണ്. ക്ഷേത്രങ്ങളിലെ ശില്‍പനിര്‍മാണം, വീടുകളിലെ ചുമരുകളും മതിലുകളും കൊത്തുപണികളാല്‍ മനോഹരമാക്കല്‍, പൂന്തോട്ടങ്ങള്‍ക്ക് ചാരുത നല്‍കല്‍ തുടങ്ങിയവയെല്ലാം ബിജു ഇപ്പോള്‍ ചെയ്തു വരുന്നു. സിമന്റിലും ഫൈബറിലുമാണ് കൂടുതലായി ശില്പങ്ങള്‍ ചെയ്യുന്നത്.

കൊങ്ങന്നൂര്‍ ക്ഷേത്രത്തിനു പുറമേ, മുചുകുന്ന് കൊയിലോത്തുംപടി ക്ഷേത്രം, അരീക്കണ്ടി ക്ഷേത്രം, മണിയൂര്‍ ഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ബിജു ശില്പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കൂടാതെ സ്‌കൂളുകളിലും മറ്റും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പ്രതിമകളും ഒരുക്കിയിട്ടുണ്ട്.