‘ഇറങ്ങിപ്പൊയ്ക്കോ.. നിനക്കിവിടെ ഒരു അവകാശവുമില്ല, റൂമില്‍ കിടന്ന് ചത്തോട്ടെ’: ആത്മഹത്യക്ക് മുമ്പ് ഓർക്കാട്ടേരിയിലെ ഷബ്നയെ ഭർത്താവിന്റെ അമ്മാവന്‍ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.. നിർണ്ണായക മൊഴി നല്‍കി മകളും
നാദാപുരം: ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഢനം മൂലമാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അരൂര്‍ പുളിയം വീട്ടില്‍ ഷബ്‌ന ഭര്‍ത്താവ് തണ്ടാര്‍ കണ്ടി ഹബീബിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഹബീബ് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം.
തുടര്‍ന്ന് ഷബ്‌ന മരിച്ചത് ഗാര്‍ഹിക പീഡനമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഷബ്‌ന മരിക്കുന്ന ദിവസം ഭര്‍ത്താവിന്റെ അമ്മാവന്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ ഹബീബിന്റെ അമ്മാവനും മറ്റു രണ്ടു പേരുമാണുള്ളത്. തുടക്കത്തില്‍ ഇവര്‍ മൂന്ന് പേരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും തുടര്‍ന്ന് ഷബ്‌ന പുറത്തേക്ക് വരികയുമാണ് ചെയ്യുന്നത്. ഇതിനിടയിലാണ് പ്രകോപിതനായ അമ്മാവന്‍ ‘ഇറങ്ങിപ്പൊയ്ക്കോ.. നിനക്കിവിടെ ഒരു അവകാശവുമില്ലെന്ന് പറഞ്ഞ് ഷബ്‌നയെ അടിക്കാനായി കൈ ഉയര്‍ത്തുന്നത്. എന്നാല്‍ അപ്പോഴേക്കും സമീപത്ത് ഇരിക്കുന്ന സ്ത്രീ വന്ന് ഇയാളെ തടയ്യുന്നുണ്ട്. പക്ഷേ ഇതൊന്നും വകവെക്കാതെ അമ്മാവന്‍ ഷബ്‌നയെ വീണ്ടും ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അന്നേദിവസം രാത്രിയാണ് ഷബ്‌ന വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നും ‘ആത്മഹത്യ ചെയ്യുമെന്ന് അറിഞ്ഞിട്ടും ഭര്‍തൃവീട്ടുകാര്‍ ഇടപെട്ടില്ലെന്നുമാണ് ഷബ്‌നയുടെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഷബ്‌ന മുറിയില്‍ കയറി വാതില്‍ അടച്ചശേഷം ശബ്ദം കേട്ട് മകള്‍ ഉപ്പയുടെ ഉപ്പയോട് ഉമ്മ വാതില്‍ തുറക്കുന്നില്ലെന്നും ഉപ്പാപ്പയൊന്ന് വാതില്‍ തുറന്ന് നോക്കാമോ എന്ന് ചോദിച്ചതായും ഷബ്‌നയുടെ ഉമ്മ പറയുന്നു. എന്നാല്‍ ഓടിയെത്തിയ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷബ്‌നയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ഹബീബിന്റെ സഹോദരി റൂമില്‍ കിടന്ന് ഷബ്‌ന ചത്തോട്ടെയെന്ന് പറഞ്ഞതായും ഉമ്മ പറയുന്നു.
മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ എടച്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃ വീട്ടില്‍ നിന്നും ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷബ്‌ന ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പ്രധാനമായും ആരോപിക്കുന്നത്. സ്ത്രീധനമായി ഷബ്‌നയില്‍ നിന്നും വാങ്ങിയ 120 പവന്‍ ഭര്‍തൃവീട്ടുകാര്‍ കൈവശപ്പെടുത്തി വെച്ചിരുന്നതായും അത് ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ എടച്ചേരി പോലീസ് ഷബ്‌നയുടെ മകളുടെ മൊഴി എടുത്തിട്ടുണ്ട്.