ആളുകൾക്കിടയിലൂടെ ഓടുന്നു, വാഹനത്തിന് കേടുപാടുകൾ വരുത്തുന്നു; മേപ്പയ്യൂരിൽ ഭീതിയുയർത്തി തെരുവുനായ ശല്യം രൂക്ഷമാകുന്നുവെന്ന് ആരോപണം
മേപ്പയ്യൂർ: പഞ്ചായത്തിലെ വിവിധയിടങ്ങൾ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറുന്നതായി ആരോപണം. മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണെന്ന ആരോപണവുമുയരുന്നുണ്ട്. ആളുകൾക്കിടയിലൂടെ ഓടിന്നതും വാഹനങ്ങൾ നശിപ്പിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നു.
കഴിഞ്ഞദിവസം പൊതുപ്രവർത്തകനായ സി.എം. ബാബുവിന്റെ ഇരുചക്രവാഹനത്തിന് നായകൾ കേടുപാടുകൾ വരുത്തിയ സംഭവവുമുണ്ടായിരുന്നു. ടൗണിൽ നിർത്തിയിട്ട വാഹനത്തിന്റെ സീറ്റ് നായ കടിച്ചുനശിപ്പിക്കുകയായിരുന്നു. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കിടയിലുടെയും മറ്റും നായകൾ കൂട്ടമായി സഞ്ചരിക്കുന്നതും വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
മാർക്കറ്റ് പരിസരത്തിനടുത്ത ടി.കെ. കോംപ്ലക്സിലും പരിസരപ്രദേശത്തും കൂട്ടമായി നായകൾ തമ്പടിക്കുന്ന സാഹചര്യമാണുള്ളത്. സാധനം വാങ്ങാനെത്തുന്നന്നവരെ ഭയമുണ്ടാക്കുന്നതരത്തിലാണ് നായകൾ ആളുകൾക്കും വാഹനങ്ങൾക്കുമിടയിൽ കടിപിടികൂടുന്നത്. ചെറുവണ്ണൂർ റോഡ്, നെല്യാടി റോഡ്, ഉദയ കോളേജ് പരിസരം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ട്യൂഷൻ ക്ലാസിലേക്കും മറ്റും ഭയപ്പാടോടെയാണ് വിദ്യാർഥികൾ സഞ്ചരിക്കുന്നത്. പല സ്ഥലങ്ങളിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തിലെ മുഴുവൻ വളർത്തു നായകൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പട്ടി പിടുത്തക്കാരന്റെ സഹായത്താൽ മുഴുവൻ തെരുവുനായകൾക്കും വാക്സിനേഷൻ നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് കെ.ടി രാജൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രശ്നം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഭരണസമിതി യോഗം ചേർന്നിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. തെരുവുനായകൾക്കായി ഷെൽട്ടർ ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്. തെരുവുനായ ശല്യം പരിഹരിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Stray dogs attacks in Meppayur