സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്, ഉത്സവങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡം; വിശദമായി അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി 28 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. 50 ശതമാനം കുട്ടികളുമായാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ വൈകുന്നേരം വരെ നടക്കുക.

ഉത്സവങ്ങള്‍ക്കും ഇളവുകള്‍ നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ ഉത്സവങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.

കര്‍ശനമായ നിയന്ത്രണമാണ് ഇതുവരെ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം. അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ , മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. യാത്രയ്ക്കായി ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കണം. ഐ.ടി മേഖല അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്സിനേഷനുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളിലേക്കും വാക്സിനേഷന്‍ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും, എന്നിങ്ങനെയായിരുന്നു നിയന്ത്രണങ്ങള്‍.