ആനപ്പാറയില്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശോധന നടത്തി ആര്‍.ഡി.ഒ; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷം ചര്‍ച്ച വിളിച്ചുചേര്‍ക്കുംവരെ ക്വാറി പ്രവര്‍ത്തനം പാടില്ലെന്ന് നിര്‍ദേശം- വീഡിയോ കാണാം


കീഴരിയൂര്‍: ആര്‍.ഡി.ഒ സി.ബിജുവും ജിയോളജിസ്റ്റ് പി.സി.രശ്മിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആനപ്പാറ ക്വാറിയില്‍ പരിശോധന നടത്തി. ഏതാണ്ട് അഞ്ച് മണിക്കൂറോളം സംഘം പ്രദേശത്ത് പരിശോധന നടത്തി.

വിള്ളലുകള്‍ വന്ന സമീപത്തെ വീടുകളിലും സംഘം പരിശോധന നടത്തി. റോഡില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം, ക്വാറിയില്‍ നിന്ന് വീടുകളിലേക്കുള്ള ദൂരം എന്നിവയെല്ലാം കൃത്യതയോടെ അളന്നുതിട്ടപ്പെടുത്തി.

ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്ന് ആര്‍.ഡി.ഒ അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ക്വാറി പ്രവര്‍ത്തനം പാടുള്ളൂവെന്നും ആര്‍.ഡി.ഒ നിര്‍ദേശിച്ചു.

പ്രദേശവാസികള്‍ ആര്‍.ഡി.ഒയെ കണ്ട് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചു. പൊലീസ് വീടുകളില്‍ കയറി പരിശോധന നടത്തുകയാണെന്നും പുരുഷന്മാരെ സ്ഥലത്തെത്തിയാല്‍ ജാമ്യമില്ലാ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്‌ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്. പരിസ്ഥിതിക്ക് വന്‍ തോതില്‍ ആഘാതമേകുന്ന രീതിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു കൊണ്ടിരിക്കുക്കയാണ്. ഇതേ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒന്നും പരിഹാരം കണ്ടില്ല.

ക്വാറിയില്‍ നിന്നുള്ള ഭാരം കയറ്റിയുള്ള ലോറികള്‍ പോരുന്നത് കാരണം നടുവത്തൂര്‍ ശിവക്ഷേത്രം – കുറുമയില്‍ താഴെ റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം കണ്ടും കുഴിയുമായി. നടുവത്തൂര്‍ പ്രദേശത്തുള്ളവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ ആയൂര്‍വേദ ആശുപത്രി, സര്‍ക്കാര്‍ മൃഗാശുപത്രി എന്നിവിടങ്ങളിലേക്കും കുറുമയില്‍ താഴെ ഉള്ളവര്‍ക്ക് നടുവത്തൂര്‍ യു.പി സ്‌ക്കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍, റേഷന്‍ കട, പാല്‍ സൊസൈറ്റി എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണിത്.

എന്നാല്‍ ക്വാറിയിലേക്ക് പോകുന്ന കൂറ്റന്‍ ലോറികള്‍ ഈ റോഡിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്നത് കാരണം റോഡ് കണ്ടും കുഴിയുമായി മാറി. റോഡിലെ കുഴി കാരണം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് പലപ്പോഴും അപകടത്തില്‍പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷപോലും ഇതുവഴി വരാറില്ല. ക്വാറി മാനേജ്മെന്റ് റോഡ് സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നു എന്നാണ് നാട്ടുകാര്‍ക്കുള്ള പരാതി. റോഡിന്റെ പരിതാപകരമായ അവസ്ഥ ആരും ശ്രദ്ധിക്കുന്നില്ലെന്നും കണ്ടും കഴിയുമായി റോഡിലെ യാത്ര ദുഷ്‌കരമാവുകയും ക്വാറി പ്രവര്‍ത്തനത്തിന്റെ ദുരന്ത പാതയായി റോഡ് മാറി എന്നുമാണ് നാട്ടുകാരുടെ പരാതി.