‘പ്രിയപ്പെട്ട യു.പീ, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ, യു.പിക്ക് അതാണ് വേണ്ടത്’; കേരളത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിന് ഒറ്റക്കെട്ടായി ചുട്ട മറുപടി നല്‍കി ഭരണപക്ഷവും പ്രതിപക്ഷവും


കോഴിക്കോട്: കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒറ്റക്കെട്ടായി ചുട്ട മറുപടി നല്‍കി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ട്വിറ്ററിലൂടെ യോഗിക്ക് മറുപടി നല്‍കി.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടിങ് നടക്കുന്ന ദിവസമാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. ‘നിങ്ങള്‍ക്ക് തെറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളവും കശ്മീരും ബംഗാളും പോലെയാകും’ എന്നാണ് വോട്ടര്‍മാരോടായി ആദിത്യനാഥ് പറഞ്ഞത്.

യു.പി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി വിജയന്‍ ആദിത്യനാഥിന് മറുപടി നല്‍കി. മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യു.പി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ട് ട്വീറ്റുകളാണ് പിണറായി വിജയന്‍ പോസ്റ്റ് ചെയ്തത്.

‘പ്രിയപ്പെട്ട യു.പി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യാകല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സമത്വവികസനം എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്.’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ട്വീറ്റില്‍ കുറിച്ചു.

കോണ്‍ഗ്രസ് എം.പി ശശി തരൂരും യോഗിക്ക് മറുപടിയുമായി രംഗത്തെത്തി. യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കാശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകും എന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടാണ് തരൂര്‍ യോഗിക്ക് മറുപടി നല്‍കിയത്.

മറ്റ് ചില പ്രതികരണങ്ങള്‍ താഴെ വായിക്കാം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കേരളം

വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ്
ഉത്തര്‍പ്രദേശ് ബിജെപി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയിലേ ഒന്നാം നമ്പര്‍ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിനെ ബിജെപിക്ക് അധികാരം കിട്ടുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിനെ നാണം കെടുത്തുന്ന പ്രസ്താവന നടത്തുന്ന യോഗി ആദിത്യനാഥ്, ബിജെപിയുടെ പാര്‍ട്ടി നിലപാട് ആണോ പറയുന്നത് എന്ന് വ്യക്തമാക്കണം, കേരളത്തിനെ അപമാനിക്കുന്ന നിലപാട് തിരുത്താനും, മാപ്പ് പറയനും ബിജെപി തയ്യാറാകണം.

എം.എ.ബേബി

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓര്‍ക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പോലെ ആകരുത് ഉത്തര്‍പ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.
മികവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തര്‍പ്രദേശും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കില്‍ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കല്‍ ഒരു ആഫ്രിക്കന്‍ രാജ്യവുമായി ചേര്‍ത്തു പറഞ്ഞു കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നത്.