കുട്ടനാടിന്റെ ഫീലില്‍ മനോഹരമായ ജലയാത്ര! അരികെയുണ്ട് അകലാപ്പുഴ- ചിത്രങ്ങള്‍ കാണാം


കോഴിക്കോട് ജില്ലയിലെ പ്രധാന ഇക്കോടൂറിസ്റ്റ് മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് തിക്കോടി പഞ്ചായത്തിലെ പുറക്കാട് അകലാപ്പുഴ. പുഴയുടെ തീരങ്ങളിലുടനീളം തിങ്ങി നില്‍ക്കുന്ന തെങ്ങും സമീപത്തെ വയലും വളര്‍ന്നുപൊങ്ങിനില്‍ക്കുന്ന കണ്ടല്‍ക്കാടുകളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. പുഴയുടെ നടുവിലെ തുരുത്ത് വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രമാണ്. കൈത്തോടുകളും, തുരുത്തും, നാട്ട് മീനുകളും കൊതുമ്പു വള്ളങ്ങളും, മത്സ്യ കൃഷിയും, ഏറ് മാടങ്ങളും, ഒക്കെയായി കുട്ടനാടിന്റെ ഒരു പകര്‍പ്പ് തന്നെയാണിവിടം.

അവിടെ ഏതുനിമിഷവും നിങ്ങളെ എതിരേറ്റുകൊണ്ട് മനംകുളിര്‍പ്പിക്കുന്ന കാറ്റുണ്ടാകും. ശാന്തതയോടെ മനോഹരമായ ഗ്രാമീണക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുള്ള ജലയാത്രയാണ് ഇവിടുത്തെ പ്രധാന ഹൈലറ്റ്. രണ്ടു പേര്‍ക്കും അഞ്ച് പേര്‍ക്കും പോകാവുന്ന രീതിയിലുള്ള പെഡല്‍ ബോട്ടുകളിവിടെ സജീകരിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലാണ് ബോട്ടിംങ്ങ് ആരംഭിക്കുന്നത്. ഗോവിന്ദന്‍കെട്ട് ഭാഗത്താണ് പെഡില്‍ബോട്ട് സര്‍വീസുള്ളത്.

സഞ്ചരികളെ ആകര്‍ഷിക്കാനായി ശിക്കാര ബോട്ടുകളും ഇവിടെ എത്തിയിട്ടുണ്ട്. പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാര ബോട്ടാണ് ഇപ്പോഴുള്ളതെന്നും അറുപതുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും പൂര്‍ത്തിയായി ലൈസന്‍സ് കിട്ടിയാലുടന്‍ അതും പ്രവര്‍ത്തനമാരംഭിക്കുമെന്നും ജാസ് പെഡല്‍ബോട്ട് സര്‍വ്വീസ് മാനേജര്‍ സി.എം ജ്യോതിഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

യാത്ര ശിക്കാര ബോട്ടിലാണെങ്കില്‍ പുഴസൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാം. നാലുവശവും തുറന്നിട്ടുള്ളതും പനയോലകൊണ്ടുള്ള മേലാപ്പുമാണ് ശിക്കാരബോട്ടിന്റെ പ്രത്യേകത. ചാരിക്കിടന്നും ഇരുന്നും യാത്ര ചെയ്യാം. അരമണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് അന്‍പത് രൂപയാണ് ചാര്‍ജ്. റോയിംങ്ങ് ബോട്ടുകളും കയാക്കിംങ്ങ്, കുട്ടവഞ്ചി എന്നീ സാധ്യതകളെ കൂടി ഉള്‍പ്പെടുത്തി ടൂറിസം സാധ്യതകളെ ഉയര്‍ത്താനും പദ്ധതികള്‍ തയ്യാറായിട്ടുണ്ട്.

വിസ്തൃതമായ വ്യൂ പോയിന്റ് ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതാണ് കോവിഡ് കാലത്തും ആളുകളെ ഇവിടെയെത്തിക്കുന്നത്. ഞായറാഴ്ചകളില്‍ സഞ്ചാരികള്‍ ഏറെയുണ്ടാകും. വൈകുന്നേരമാണ് ഇവിടെയെത്താന്‍ പറ്റിയ സമയം. താരതമ്യേന ആഴം കുറഞ്ഞ സ്ഥലമായതിനാല്‍ നീന്തിക്കുളിക്കാനും കക്കവാരാനും മീന്‍ പിടിക്കാനും സഞ്ചാരികള്‍ ഇവിടങ്ങളില്‍ എത്തുന്നുണ്ട്.

ദേശീയപാതയില്‍ തിക്കോടി ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ കിഴക്കോട് സഞ്ചരിച്ചാല്‍ കിടഞ്ഞിക്കുന്നിന്റെ താഴ് വരയില്‍ വിസ്തൃതമായ അകലാപ്പുഴകായല്‍ പരപ്പിലെത്താം.