പുഴയും കടലും സംഗമിക്കുന്ന, കണ്ടൽക്കാടുകളാൽ സമ്പന്നമായ മനോഹരതീരം; കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത ‘മിനി ഗോവ’യുടെ വിശേഷങ്ങൾ


കോഴിക്കോട്ടെ കടല്‍ത്തീരമെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാരും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട്, പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം ബീച്ചാണത്. ‘മിനി ഗോവ’ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

ഗോവ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഭൂപ്രകൃതിയുടെ ഒരു മിനിയേച്ചര്‍ പതിപ്പാണ് കൊളാവിപ്പാലം ബീച്ചിനും സമീപത്തുമുള്ളത്. അങ്ങനെയാണ് ‘മിനി ഗോവ’ എന്ന പേരുവന്നത്.

കണ്ടല്‍ക്കാടുകളാല്‍ സമ്പന്നമായ, പുഴയും കടലും സംഗമിക്കുന്ന മനോഹരമായ ഒരിടം. ഒരാള്‍പൊക്കത്തിലുള്ള വേരുകളുള്ള ഇടതൂര്‍ന്ന കണ്ടല്‍, ഇതാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. അതിനിടയില്‍ കടല്‍ക്കാറ്റേറ്റുള്ള വിശ്രമം മനോഹരമായ അനുഭൂതിയായിരിക്കും. ഇടതൂര്‍ന്ന കണ്ടലുകള്‍ക്കിടയിലൂടെയുള്ള ചെറുവഴികളിലൂടെയുള്ള യാത്രയും കൗതുകകരമാണ്. വേലിയേറ്റ സമയത്ത് കണ്ടലുകള്‍ക്കിടയിലേക്ക് വെള്ളം കയറും. വലിയ തോതില്‍ ആമകള്‍ മുട്ടയിടാനെത്തുന്ന ഇടംകൂടിയാണിത്.

കൊളാവിപ്പുഴയും കുറ്റ്യാടിപ്പുഴയും സംഗമിക്കുന്ന കടലാണിത്. ഒരുവശത്തേക്ക് നോക്കിയാല്‍ വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സാന്റ്ബാങ്ക്‌സ് കാണാം. വെള്ളിയാംകല്ലും ഇവിടെ നിന്ന് കാണാം. ഇവിടുത്തെ അസ്തമയക്കാഴ്ചകളും അതിമനോഹരമാണ്.

ഒരുകാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരിടമായിരുന്നു ഇവിടം. ഇന്ന് പതുക്കെപ്പതുക്കെ ആളുകള്‍ കേട്ടറിഞ്ഞ് വരുന്നുണ്ട്. സാന്റ്ബാങ്ക്‌സിനെയും കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയത്തെയും ചേര്‍ത്ത് ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ അത് ഈ ‘മിനി ഗോവ’ യ്ക്ക് നേട്ടമാകും. സുരക്ഷാ സൗകര്യങ്ങളുടെ അഭാവവുമുണ്ട് ഇവിടെ. ഇതിന് അടുത്തായാണ് ടൂറിസം കേന്ദ്രങ്ങളായ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജും, കുഞ്ഞാരിമരക്കാര്‍ കോട്ടയുമൊക്കെ സ്ഥിതി ചെയ്യുന്നത്. ഈ നാല് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയ്ക്കും വലിയ സാധ്യതയുണ്ട്.

വടകര മൂരാടിനടുത്തുള്ള ഓയില്‍ മില്ലില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്ന റോഡില്‍ ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്രാഫ്റ്റ് വില്ലേജ് കാണാം. അവിടെ നിന്നും ആറുകിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ കൊളാവിപ്പാലം ബീച്ചിലെത്താം.