ടി. നസ്‌റുദ്ദീന്റെ സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക്; പേരാമ്പ്രയില്‍ മെഡിക്കല്‍ ഷോപ്പുകളൊഴികെ എല്ലാ കടകളും അടച്ചിട്ടു


പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. അതിനു മുമ്പ് നടക്കാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം.

ഇന്നലെ രാത്രി പത്തരയോടെയാണ് ടി. നസ്‌റുദ്ദീന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ മൂന്നു പതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ടിരിക്കുകയാണ്. പേരാമ്പ്രയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

രാത്രി തയ്യാറാക്കിയ ഭക്ഷണം തീരുന്നതുവരെ ചില ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അവയും അടച്ചു. നിര്‍ബന്ധമുള്ളവര്‍ക്ക് ആറുമണിക്കുശേഷം കടകള്‍ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു.