ഉപഭോക്താക്കള്‍ക്കായി 30 ദിവസം വാലിഡിറ്റിയുള്ള ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും നിര്‍ബന്ധമായി നല്‍കണം: ടെലകോം കമ്പനികളോട് ട്രായി


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 30 ദിവസം വാലിഡിറ്റിയുള്ള ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും നിര്‍ബന്ധമായി നല്‍കണമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളോടാണ് ട്രായി ഇക്കാര്യം ആവശ്യപ്പെട്ടത്. 1999 ലെ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഡറില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ഓരോ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കണമെന്നാണ് ആവശ്യം. ടെലികോം റെഗുലേറ്ററി ബോഡി ഈ തീരുമാനത്തെ ഉപഭോക്തൃ-സൗഹൃദമെന്നാണ് വിശേഷിപ്പിച്ചത്. ഈ നിയമം നടപ്പിലാക്കുന്നത് ടെലികോം സേവനങ്ങളുടെ വരിക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും താരിഫ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെന്നും ട്രായ് വ്യക്തമാക്കി.

പ്ലാനുകള്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ റെഗുലേറ്ററി ബോഡിയുടെ ഇടപെടല്‍ ആവശ്യമാണോ അല്ലയോ എന്ന് ട്രായ് നേരത്തെ കമ്പനികളോട് ചോദിച്ചിരുന്നു. ട്രായ് പറയുന്നതനുസരിച്ച് നിലവില്‍ ഉപയോക്താക്കള്‍ പ്രതിമാസ പ്ലാനുകള്‍ എന്ന നിലയില്‍ ഒരു വര്‍ഷത്തില്‍ 13 റീചാര്‍ജുകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ഉപയോക്താക്കളെ വഞ്ചിക്കുന്ന രീതിയാണ്. ഇത് സംബന്ധിച്ച് ഉപയോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി. താരിഫ് പ്ലാനുകള്‍ക്ക് നിലവില്‍ നല്‍കുന്ന വാലിഡിറ്റിയില്‍ തന്നെ ഉറച്ച് നില്‍കാന്‍ ടെലിക്കോം കമ്പനികള്‍ ശ്രമിക്കുന്നതിനാലാണ് ട്രായ്ക്ക് ഇത്തരമൊരു ഇടപെടല്‍ നടത്തേണ്ടി വന്നിരിക്കുന്നത്.

നിലവില്‍ എല്ലാ ടെലിക്കോം കമ്പനികളും പ്രതിമാസ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് നല്‍കുന്നത്. ഇതിലൂടെ ഒരു വര്‍ഷത്തില്‍ 13 പ്രാവശ്യം റീചാര്‍ജ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ട്രായ് ചേര്‍ത്ത പുതിയ വ്യവസ്ഥ പല കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയിലെ ടെലിക്കോം കമ്പനികള്‍ എതിര്‍ത്തിട്ടുണ്ട്. റിലയന്‍സ് ജിയോ 30 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന താരിഫ് പ്ലാനുകള്‍ വേണമെന്നതിന് അനുകൂലമായി സംസാരിച്ച കമ്പനിയാണ്.