സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം തുടരുമോ അതോ കടുപ്പിക്കുമോ? കോവിഡ് അവലോകന യോഗം നാളെ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചര്‍ച്ചയാകും. കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

അതേസമയം, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.. തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം.

അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ.

കൊവിഡ് ധനസഹായം വേഗത്തിലാക്കാന്‍ വില്ലേജ് താലൂക്ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ട്രഷറികളും പ്രവര്‍ത്തിക്കും. അതേസമയം, കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ളവര്‍ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.