ആളില്ലെന്ന് പറഞ്ഞു ട്രിപ്പ് മുടക്കി, കോട്ടയത്ത് എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍


കോട്ടയം: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ പോലീസിന്റെ പിടിയിൽ ആയത്.  എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് അഫ്‌സൽ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് ബസിലെ സ്ഥിരം യാത്രകാരിയായ വിദ്യാർത്ഥിനിയെ വശീകരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനി കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിൽ എത്തി. ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളിൽ വെച്ചു പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ യും സംഘവും എത്തിയാണ് ബസിനുള്ളിൽ നിന്ന് അഫ്സലിനെയും വിദ്യാർഥിനിയെയും കണ്ടെത്തുകയായിരുന്നു.

പീഡനത്തിന് ഒത്താശ ചെയ്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. ബസ്സും കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ്  കൗൺസിലിംഗിന് വിധേയമാക്കി.