‘നൊന്തുപെറ്റ കുഞ്ഞിനെയും കാത്ത് കണ്ണീരൊഴുക്കി ഒരു മിണ്ടാ പ്രാണി’; കരിയാത്തുംപാറയില്‍ നിന്ന് ‘മൃഗസ്‌നേഹികള്‍’ കൊണ്ടുപോയ സബിനാസ് എന്ന കുതിരയുടെ കുഞ്ഞിനെയും തേടിയലഞ്ഞ് ഉടമ


കൂരാച്ചുണ്ട്: തന്റെ കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതി കയറിയിറങ്ങാനോ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരനിരിക്കാനോ സബ്‌നാസിന് കഴിയില്ല. കണ്ണുനീരൊഴുക്കാന്‍ മാത്രമേ ആ പാവത്തിന് കഴിയുകയുള്ളു. കാരണമെന്തെന്നാല്‍ ഇവിടെ നൊന്തു പ്രസവിച്ച കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുന്നത് മനുഷ്യനല്ല, മറിച്ച് കുതിരയ്ക്കാണ്. തന്റെ ഉടമയില്‍ നിന്ന് തന്നെ അടര്‍ത്തി മാറ്റിയതിനു പിന്നാലെ താന്‍ നൊന്തു പ്രസവിച്ച കുഞ്ഞിനേയും വേര്‍പിടിത്തിയിരിക്കുകയാണ് അധികൃതര്‍.

കാലിലെ മുറവ് ശരിപ്പെടുത്താന്‍ ഉടമയ്ക്ക് സാധിക്കില്ലെന്ന് പറഞ്ഞാണ് മൃഗ സ്‌നേഹികളെന്ന് അവകാശപ്പെടുന്ന Peoples For Animal എന്ന സംഘടന കരിയാത്തുപ്പാറയില്‍ സവാരി നടത്തിയിരുന്ന സബിനാസിനെ കൊണ്ടുപോകുന്നത്. കൊണ്ടുപോകുമ്പോള്‍ ആറ് മാസം ഗര്‍ഭിണിയായിരുന്ന സബ്‌നാസിനെ നിയമ പോരാട്ടത്തിനൊടുവിലാണ് ഊട്ടി സ്വദേശി കണ്ണന് തിരികെ ലഭിച്ചത്.

കണ്ണന്റെ ജീവിതം ആയിരുന്നു സബ്നാസ്. സബ്‌നാസിന്റെ ലോകം കണ്ണനും. സഹയാത്രികരായി അവര്‍ ഏറെ സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോഴാണ് അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി ചിലര്‍ രംഗ പ്രവേശനം ചെയ്യുന്നത്.

 

2021 ഫെബ്രുവരിയിലാണ് കരിയാത്തുപ്പാറയില്‍ സവാരി നടത്തിയിരുന്ന സബിനാസിനെ People For Animal എന്ന സംഘടനയ്ക്ക് കൈമാറുന്നത്. മേനക ഗാന്ധിയുടെ ഉത്തരവോട് കൂടിയാണ് സബാനസിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തുന്നത്. കാലിന് മുറിവ് പറ്റിയ സബിനാസിന് വേണ്ട പരിചരണം നല്‍കാന്‍ ഉടമയായ തമിഴ്നാട് ഊട്ടി സ്വദേശി കണ്ണന് കഴിഞ്ഞില്ലായെന്ന് കാണിച്ച് കൂരാച്ചുണ്ട് പോലീസ് ക്രൈം 36/2021 ആയി കേസെടുക്കുകയും ചെയ്തു. 2021 ഫെബ്രുവരി 9 നാണ് കൂരാച്ചുണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത് സംരക്ഷരണത്തിനായി ഇവര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് മലയാളം എഴുത്തും വായനയും അറിയാത്ത കണ്ണനെ കൊണ്ട് കയ്യൊപ്പ് ഇടിയിച്ച് സബിനാസിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സബിനാസിനായി എന്നും പോലീസ് സ്റ്റേഷന്‍ വരാന്ത കയറിയിറങ്ങുകയായിരുന്ന കണ്ണന്‍. പിന്നീടാണ് സബിനാസിനെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യവുമായി അയല്‍വാസിയും അഡ്വക്കേറ്റുമായ സുമിനെ സമീപിക്കുന്നത്. മൃഗസ്നേഹികളും പോലീസും ഒരാഴ്ച്ചക്കുള്ളില്‍ തിരിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയ സബിനാസിനെ തരാതെ ചതിച്ചെന്നും, സബിനാസ് ഗര്‍ഭിണിയാണെന്നും സംരക്ഷണത്തിനായി തനിക്ക് തിരിച്ച് ലഭിക്കണമെന്നും, സഹായിക്കണമെന്നും കണ്ണന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

2021 ഏപ്രില്‍ മാസം 15 ന് സബിനാസിനെ തിരിച്ച് കിട്ടാനായി പേരാമ്പ്ര കോടതിയില്‍ അഡ്വക്കേറ്റ് സുമിന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചു. പോലീസും, മൃഗസ്നേഹികളും കോടതിയില്‍ ഹാജരായി. അസുഖ ബാധിതയായ സബിനാസിനെ വടക്കാഞ്ചേരിയിലെത്തിച്ചെന്ന് പോലീസും, തൃശ്ശൂര്‍ മണ്ണൂത്തി വെറ്റനറി കോളേജിലെത്തിച്ചെന്ന് മൃഗ സ്നേഹികളും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കി. ഗര്‍ഭിണിയായ സബിനാസിനെ അബോര്‍ഷന്‍ ചെയ്യേണ്ടി വന്നെന്നും, ചികിത്സാവശ്യാര്‍ത്ഥം സബിനാസിനെ വിട്ടുതരാന്‍ കഴിയില്ലായെന്നും കാണിച്ച് ജൂലൈ മാസത്തില്‍ മൃഗ സ്നേഹികള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം കോടതിക്ക് കൈമാറി.

നിയമപരമായി പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് പോലീസ് സബിനാസിനെ കസ്റ്റഡിയിലെടുത്ത് മൃഗ സ്നേഹികള്‍ക്ക് നല്‍കിയതെന്ന് തെളിയിക്കാന്‍ കഴിഞ്ഞതോടെ നവംബര്‍ 11 ന് സബിനാസിനെ ഉടമയായ കണ്ണന് തിരിച്ച് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുമായി സബിനാ സിനെ തിരിച്ചെടുക്കാന്‍ കോഴിക്കോട് എത്തിയ കണ്ണനെ മൃഗ സ്നേഹികള്‍ തിരിച്ചയച്ചു. അതിന് ശേഷം പോലീസ് മുഖാന്തരം തിരിച്ച് നല്‍കാന്‍ നോട്ടീസ് നടപ്പാക്കിയിട്ടും മൃഗ സ്നേഹികള്‍ സബിനാ സിനെ തിരിച്ച് നല്‍കിയില്ല.

കോടതി ഉത്തരവ് നടപ്പിലാക്കി കിട്ടാല്‍ വീണ്ടും രണ്ട് മാസം കോടതിയില്‍ അപേക്ഷകളും വാദങ്ങളുമായി നീങ്ങി. ഒടുവില്‍ 2022 ജനുവരി 14 ന് കോടതിയുടെ ഉത്തരവ് പ്രകാരം മൃഗസ്നേഹികള്‍ പേരാമ്പ്ര കോടതിയില്‍ ഹാജരാവുകയും സബിനാസിനെ തിരിച്ച് നല്‍കാമെന്ന് പറയുകയും ചെയ്തു. അതുവരെ മണ്ണൂത്തിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ സബിനാസ് കോഴിക്കോട് ഫറൂഖിലുണ്ടെന്നും അവിടെ നിന്നും കൈമാറാമെന്നുമായി.

ഫറൂഖിലെ പേട്ടയെന്ന സ്ഥലത്ത് എത്തി കാത്തു നിന്ന ഉടമ കണ്ണന് സബിനാസിനെ കാണാനായത് രാത്രി 7.30 മണിക്കാണ്. സബിനാസിനെ കണ്ണന് കൈമാറുമ്പോള്‍ മുലകുടി മാറാത്ത കുതിരയുടെ കുഞ്ഞ് സബിനാസിനെ വട്ടം ചുറ്റിയിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് വരാന്‍ തയ്യാറാവാത്ത സബിനാസിനെ വലിച്ച് വാഹനത്തില്‍ കയറ്റാന്‍ മൃഗസ്നേഹികള്‍ മുന്നിലായിരുന്നു.

രാത്രി ഒമ്പത് മണിയോടെ സബിനാസിനെ കൂരാച്ചുണ്ടിലെത്തിച്ചു. വാടക റൂമില്‍ താമസിക്കുന്ന കണ്ണന്‍ അഡ്വക്കേറ്റ് സുമിന്റെ വീടിനോട്
ചേര്‍ന്ന പറമ്പില്‍ സബിനാസിന് സുരക്ഷിത ഇടമൊരുക്കി. മൃഗ സ്നേഹികള്‍ സബിനാസിന് അബോര്‍ഷന്‍ നടത്തിയെന്ന് കോടതിയില്‍ പറഞ്ഞത് കള്ളമാണെന്നും സബ്നാസിന് പാല് കുടിക്കുന്ന കുഞ്ഞുണ്ടെന്നും അഡ്വക്കേറ്റ് സുമിനോട് പറഞ്ഞു. കാത്തിരിപ്പുകള്‍ക്ക് ശേഷം സബിനാസിനെ തിരികെ ലഭിച്ചെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കണ്ണീരൊലിക്കുന്ന കണ്ണുകളുമായുള്ള സബിനാസിന്റെ നില്‍പ്പ് ഏല്ലാവര്‍ക്കും വേദനയായി.

കണ്ണന്‍ പറഞ്ഞതിനെ വാസ്തവം തിരിച്ചറിയുന്നതിനായി ജനുവരി 15 രാവിലെ 10 മണിക്ക് തന്നെ കൂരാച്ചുണ്ട് സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനെ കാണിച്ചു. സബിനാസിന്റെ അകിട് പരിശോധിച്ച സര്‍ജന്‍ സബിനാസ് മുലയൂട്ടുന്ന കുതിരയാണെന്ന് ഉറപ്പിച്ചു. വിദഗ്ദ ചികിത്സക്കായി വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സബിനാസിന്റെ കുഞ്ഞ് കുടിക്കേണ്ട പാല് ഇടക്കിടക്ക് കണ്ണന്‍ കറന്ന് മണ്ണില്‍ ഒഴിക്കുമ്പോള്‍ സങ്കടത്തോടെ നോക്കി നില്‍ക്കുകയാണ് സബിനാസ്.

വ്യാജ രേഖകള്‍ ഉണ്ടാക്കി ഇല്ലാത്ത അബോര്‍ഷന്‍ നടത്തി കോടതിയെ പോലും കമ്പളിപ്പിച്ച പോലീസ്, മൃഗ സ്നേഹികള്‍, കുറച്ച് വെറ്ററിനറി സര്‍ജന്മാര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികള്‍ക്കായും, സബിനാസിന്റെ കുഞ്ഞിനെ തിരിച്ച് കിട്ടാനുമായി ജനുവരി 15 ന് തന്നെ പേരാമ്പ്ര കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സുമിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പീപ്പില്‍സ് ഫോര്‍ ആനിമല്‍ എന്ന സംഘടന വടകര എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണന്റെ കയ്യില്‍ നിന്നും സബ്നാസിനെ കൊണ്ടുപോയത്.

വ്യാജ രേഖകള്‍ ഉണ്ടാക്കി ഇല്ലാത്ത അബോര്‍ഷന്‍ നടത്തി കോടതിയെ പോലും കമ്പളിപ്പിച്ച പോലീസ്, മൃഗ സ്നേഹികള്‍, കുറച്ച് വെറ്ററിനറി സര്‍ജന്മാര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികള്‍ക്കായും, സബിനാസിന്റെ കുഞ്ഞിനെ തിരിച്ച് കിട്ടാനുമായി ജനുവരി 15 ന് തന്നെ പേരാമ്പ്ര കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സുമിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പീപ്പില്‍സ് ഫോര്‍ ആനിമല്‍ എന്ന സംഘടന വടകര എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണന്റെ കയ്യില്‍ നിന്നും സബ്നാസിനെ കൊണ്ടുപോയത്.

മലയാളം അറിയാത്ത കണ്ണനെ കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് സബ്നാസിനെ വിട്ടു നല്‍കുന്നതെന്ന് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തോട് പറഞ്ഞത് ചികിത്സിച്ച് ഭേദമാക്കിയ ശേഷം സബ്നാസിനെ വിട്ടു നല്‍കുമെന്നും. സബിനാസിന്റെ കാലിലെ മുറിവിന് വേണ്ട പരിചരണം നല്‍കാന്‍ ഉടമയ്ക്ക് കഴിയില്ലയെന്ന് പറഞ്ഞാണ് സബ്നാസിനെ അവര്‍ കൊണ്ടുപോയത്. എന്നാല്‍ പതിനൊന്ന് മാസം അവരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സബിനാസിനെ തിരിച്ച് കിട്ടിയപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ച്ച 60 ശതമാനത്തിന് മുകളില്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ കാലുകളും കൈകളും അവശതയിലായി. കുതിരകളുടെ അലങ്കാരമായ കഴുത്തിന് മുകളിലെ തുങ്ങി കിടക്കുന്ന രോമങ്ങള്‍ പകുതി വെച്ച് വെട്ടികളഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷണമല്ല മറിച്ച് ക്രൂരതയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കുതിര പ്രസവിച്ചതോ അബോര്‍ഷന്‍ ചെയ്തതോ എന്ന് വ്യക്തമാക്കാന്‍ ഇന്ന് പൂക്കോട് വെറ്റിനറി കോളേജില്‍ പരിശോധനയ്ക്ക് കൊണ്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ തിരിച്ച് കിട്ടുകയെന്നത് അമ്മയുടെ അവകാശമാണ്. അതിനായി നിയമത്തിന്റെ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.