സി.പി.എം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകം: നാടെങ്ങും ആര്‍ത്തിരമ്പി പ്രതിഷേധം; കൊയിലാണ്ടിയിലും പയ്യോളിയിലും സി.പി.എമ്മിന്റെ പ്രതിഷേധ പ്രടകനം
കൊയിലാണ്ടി: തലശ്ശേരിയില്‍ സി.പി.എം പ്രവര്ത്തകന് ഹരിദാസനെ ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ നാടെങ്ങും പ്രതിഷേധം. കൊയിലാണ്ടി ഏരിയയിലെ ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും പയ്യോളിയിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെയാണ് സി.പി.എം പ്രവര്ത്തകന് ഹരിദാസനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന് ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല് പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ കണ്മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നു. ഇടതുകാല് ആക്രമികള്‍ വെട്ടിമാറ്റിയിരുന്നു. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് സുരനും വെട്ടേറ്റു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി.പി.എം- ആര്.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സി.പി.എം ആരോപിക്കുന്നത്. സംഭവത്തില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹരിദാസന്റെ കൊലപാതകത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സി.പി.എം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. കൊയിലാണ്ടി ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്, എല്‍.ജി.ലിജീഷ്, കെ.സത്യന്, പി.വി. സത്യനാഥന്, പി.കെ.ഭരതന്, പി.ചന്ദ്രശഖരന്‍, യു.കെ.ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
സി.പി. എം പയ്യോളി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു ബീച്ച് റോഡില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പി.വി മനോജന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.സി മുസ്തഫ എന്നിവര്‍ സംസാരിച്ചു.