ബൈക്കില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ചു; കൂടത്തായി സ്വദേശികളായ യുവാക്കളെ കയ്യോടെ പൊക്കി പോലീസ്


കൊടുവള്ളി: ബൈക്കില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു.

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐമാരായ കെ.കെ രാജേഷ് കുമാര്‍, പി.കെ അഷ്‌റഫ്, എ.എസ് ഐമാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒമാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.