‘വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു’: ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ
കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ ഓടുന്ന കടുവ ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്തതിന് നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. ബസ് തീര്‍ത്തും വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സികെജി, മേഴ്സി കോളേജിലെ വലിയ വിഭാഗം വിദ്യാര്‍ത്ഥികളും കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകള്‍ ആശ്രയിച്ചാണ് പഠനത്തിനായി എത്തുന്നത്. ഈ റൂട്ടില്‍ ഓടുന്ന ഭൂരിഭാഗം ബസുകളും വിദ്യാര്‍ത്ഥി സൗഹൃദപരമായാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കടുവ ബസ് പോലെയുള്ള ചില ബസുകളിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട യാത്ര കണ്സെഷന് അവരുടെ ഔദാര്യം ആയി കണക്കാക്കി വളരെ മോശമായാണ് വിദ്യാര്‍ത്ഥികളോട് പെരുമാരാറുള്ളത്.
കടുവ ബസ് കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സമയത്ത് കല്ലോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരിക്കുകയും വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയും ചെയ്യുന്നത് രണ്ടാഴ്ചയോളമായി നിരന്തരം ആവര്‍ത്തിക്കുകയാണ്. മേഴ്സി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കടുവ ബസ് നിര്‍ത്താതെ പോവുന്ന സമയത്ത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബസ് ഇടിക്കാന്‍ നോക്കി തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി വീട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിയെ കുറ്റ്യാടി ബസ്സ്സ്റ്റാന്റില്‍ വെച്ച് കടുവ ബസ് ജീവനക്കാര്‍ മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്തെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുകയാണ്.